ഓട്ടോ ഡ്രൈവർ സനൂപിന്റെ മരണം: ദുരൂഹത അന്വേഷിക്കണമെന്ന് ബി.ജെ.പി
പുൽപ്പള്ളി: ഇരുളത്തെ ഓട്ടോ ഡ്രൈവർ സനൂപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ബി.ജെ.പി ഇരുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മദ്യപാനം നിർത്തുന്നതിനായി താമരശ്ശേരി കട്ടിപ്പാറ സാന്ത്വനം ഡീ-കെയർ സെന്ററിൽ ചികിത്സ തേടിയ സനൂപിന് അവിടെവച്ച് മർദ്ദനമേൽക്കുകയും കഴുത്തിന് പുറകിൽ മൂന്നോളം ഞരമ്പുകൾ പൊട്ടുകയും ക്ഷതമേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ നടത്തിയ എക്‌സ്‌റേയിലും സ്‌കാനിങ്ങിലും പരിക്കുകൾ കണ്ടെത്തി. തുടർപരിശോധനകൾക്കായി എം.ആർ.ഐ സ്‌കാൻ എടുക്കാൻ മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് ബത്തേരിയിലെ ആശുപത്രിയിൽ വച്ച് സനൂപ് മരണപ്പെടുന്നത്.
മരണത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ നിർദ്ദേശിച്ചതനുസരിച്ച് മാനന്തവാടി ഗവൺമെന്റ് ആശുപത്രിയിൽ വച്ചാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. സനൂപിന്റെ മരണത്തിൽ കുടുംബത്തിനും പൊതുസമൂഹത്തിനും കടുത്ത സംശയമുള്ളതിനാൽ, സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. യോഗത്തിൽ വി.എസ്. ഷിബി, പി.ജെ. ഷാജി, നൈജു ആലിക്കൽ, പി.എസ്. അനീഷ് കുമാർ, ബിജു മണ്ഡപത്തിൽ, വിനീഷ് വണ്ടമ്പ്ര, പി.സി. സുനിൽ, ഉദയലാൽ, മനോജ് ടി., സനൽ കുറുവന്താനം, ലിഘു അമ്പലപ്പടി എന്നിവർ പ്രസംഗിച്ചു.





Leave a Reply