കൃഷിമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽ അമർഷം പുകയുന്നു: ജില്ലയിൽ നിന്നുള്ളവർക്കും പോഷകസംഘടനാ നേതാക്കൾക്കും അവഗണനയെന്ന് പരാതി
കൽപ്പറ്റ: കൃഷിമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് വലിയ വിവാദം പുകയുന്നു. ജില്ലയിൽ നിന്ന് നിയമനം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പലരും കഴിഞ്ഞ ദിവസം ഇറങ്ങിയ ലിസ്റ്റിൽ ഇടം പിടിക്കാതായതോടെയാണ് പാർട്ടിക്ക് ഉള്ളിലും അണികൾക്കിടയിലും പ്രതിഷേധം ഉയർന്നത്. ഈ മാസം 29-ന് പുറത്തിറക്കിയ ഒമ്പത് പേരുടെ ആദ്യഘട്ട ലിസ്റ്റിൽ ജില്ലാ ആസ്ഥാനത്ത് നിന്ന് ആരും ഉൾപ്പെട്ടില്ലെന്നതാണ് പ്രധാന അമർഷത്തിന് കാരണം. യൂത്ത് കോൺഗ്രസ്, കെ.എസ്.യു തുടങ്ങിയ പോഷകസംഘടനകളുടെ പ്രമുഖ നേതാക്കളെ ആരെയും നിയമനത്തിൽ പരിഗണിച്ചില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാൻ വേണ്ടി മാത്രം അർഹതപ്പെട്ട പലരെയും ബോധപൂർവം ഒഴിവാക്കുകയായിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ആരോപിക്കുന്നത്.
ജില്ലയിലെ ആസ്ഥാന എം.എൽ.എ കൂടിയായ മന്ത്രിയുടെ സ്റ്റാഫ് നിയമനത്തിൽ സ്വന്തം ജില്ലയ്ക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി പാർട്ടി പ്രാദേശിക നേതൃത്വത്തിലും ഉയർന്നിട്ടുണ്ട്. എന്നാൽ ഇനി വരാനിരിക്കുന്ന അടുത്തഘട്ട സ്റ്റാഫ് നിയമനങ്ങളിൽ ജില്ലയിൽ നിന്നുള്ളവർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. ഇതിനിടയിൽ, കോൺഗ്രസ് മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽ എം.എസ്.എഫ് സംസ്ഥാന നേതാവ് ഇടം പിടിച്ചതും അണികൾക്കിടയിൽ വലിയ ചർച്ചയാകുകയും അമർഷത്തിന് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്.





Leave a Reply