പൈതൃകങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: ഡോ. എ.കെ. കസ്തൂർബാ
മാനന്തവാടി: പൈതൃകങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കോഴിക്കോട് എൻ.ഐ.ടി. പ്രൊഫസറും ആർക്കിടെക്ചർ ഡിപ്പാർട്ട്മെൻ്റ് ഹെഡുമായ ഡോക്ടർ എ.കെ. കസ്തൂർബാ പറഞ്ഞു. വി.കെ. സന്തോഷ് കുമാർ രചിച്ച ‘പടക്കളത്തിലെ കത്തിയമ്പ് തലക്കര ചന്തു’ എന്ന ചരിത്ര നോവലിന്റെ പ്രകാശന ചടങ്ങ് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
വനവാസി വികാസ കേന്ദ്രം രക്ഷാധികാരി പള്ളിയറ രാമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്രിട്ടീഷുകാർക്കെതിരെ നടന്ന വയനാട്ടിലെ ഗോത്ര കലാപങ്ങൾ സ്വാതന്ത്ര്യ സമരപ്പട്ടികയിൽ രേഖപ്പെടുത്തേണ്ട കാലം അതിക്രമിച്ചുവെന്ന് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.
യൂനിസഫ് മുൻ കൺട്രി ഹെഡ് ജി. ബാലഗോപാൽ ഐ.എ.എസ്. പുസ്തകം കണ്ണൂർ ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോക്ടർ കെ.പി. നിധീഷ് കുമാറിന് നൽകി പ്രകാശനം ചെയ്തു. വയനാടിന് അനുവദിച്ച ട്രൈബൽ യൂണിവേഴ്സിറ്റി എത്രയും വേഗം പ്രാവർത്തികമാക്കണമെന്ന് പ്രകാശന ചടങ്ങിൽ ജി. ബാലഗോപാൽ ആവശ്യപ്പെട്ടു.
എ.ജി. ചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. മാനന്തവാടി ഗവൺമെന്റ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസർ ഡോ. രോഹിത് കെ. രാജ്, അഡ്വ. പി.സി. ചിത്ര, ബിജു പോൾ, കെ. രാമചന്ദ്രൻ, എം. ഗംഗാധരൻ, കെ.ടി. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രന്ഥകർത്താവ് വി.കെ. സന്തോഷ് കുമാർ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി.




Leave a Reply