മകന്റെ മരണത്തിൽ ദുരൂഹതയുണ്ട്; പുനരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ
കൽപറ്റ: മതപഠന കേന്ദ്രത്തിലെ വിദ്യാർഥിയായിരുന്ന മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം നടന്നില്ലെന്നും മാതാപിതാക്കൾ. മാനന്തവാടി പാണ്ടിക്കടവ് എള്ളുമന്ദം കല്ലുക്കണ്ടി ഷമീർ മുസ്ലിയാർ, സഫരിയ എന്നിവരാണ് മകൻ മുഹമ്മദ് ഉബൈദിൻ്റെ (19) ദുരൂഹ സാഹചര്യത്തിലുള്ള മരണം സംബന്ധിച്ച് പുനരന്വേഷണം വേണമെന്ന് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. 2024ൽ നടന്ന മരണത്തിലെ കേസന്വേഷണം ആത്മഹത്യയെന്ന് വിധിയെഴുതി കുടുംബത്തെ അറിയിക്കാതെ അവസനിപ്പിച്ചിരിക്കുകയാണെന്നും ഇവർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം ആവശപ്പെടുന്നത്.
കോഴിക്കോട് രാമനാട്ടുകര കോഓപറേറ്റിവ് കോളജിലെ വിദ്യാർഥിയായിരുന്ന ഉബൈദ്, തേഞ്ഞിപ്പലം പാണമ്പ്രയിൽ മഹല്ല് ജുമാമസ്ജിദിലെ ദർസിലും പഠിക്കുന്നുണ്ടായിരുന്നു. അവിടെ താമസിച്ചാണ് പഠിച്ചിരുന്നത്. സി.എ പാസാവണമെന്നതായിരുന്നു മകൻ്റെ ലക്ഷ്യം. 2024 ജൂലൈ 19ന് വീട്ടിൽനിന്ന് അവധി കഴിഞ്ഞ് പോയതാണ് ഉബൈദ്. 21ന് രാവിലെ ദർസിലെ അധ്യാപകൻ വിളിച്ച് മകൻ്റെ മരണവിവരം അറിയിക്കുകയായിരുന്നു. ദർസിലെ പുറത്തെ ബാത്ത്റൂമിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്തിയത്.
ഉബൈദ് പഠിക്കാൻ പിന്നിലാണെന്നും താൽപര്യമില്ലാത്ത വിഷയങ്ങൾ പഠിക്കാൻ പോയതിലെ പ്രയാസത്തിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് അധികൃതർ പൊലീസിനോട് പറഞ്ഞത്. ഇത് വിശ്വസീനയമല്ല. കമ്പ്യൂട്ടർ പഠനത്തിനടക്കം വീട്ടിൽനിന്ന് പുസ്തകങ്ങൾ എടുത്താണ് മകൻ പോയത്. പഠനം പ്രയാസമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഏറെ സന്തോഷത്തിലായിരുന്നു വീട്ടിലേക്ക് വിളിച്ചിരുന്നതും കാര്യങ്ങൾ പങ്കുവെച്ചിരുന്നതും. തലേന്ന് രാത്രിയിൽ അയച്ച വാട്സ്ആപ് മെസേജിലടക്കം താൻ പഠനത്തിൽ സന്തോഷത്തിലാണെന്നാണ് മകൻ പറഞ്ഞത്.
അന്ന് രാത്രി ദർസിൽ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. മകൻ രാത്രി ഭക്ഷണം കഴിക്കാൻ പോയി തിരികെ വന്നില്ലെന്നും പുലർച്ചെ ഒരു മണിയോടെ ഒരു വാഹനം ദർസിലേക്ക് വന്നിരുന്നുവെന്നും അത് ശ്രദ്ധിച്ചില്ലെന്നും ആദ്യം അവിടെയുള്ള അധ്യാപകൻ പറഞ്ഞു. എല്ലാ ദിവസവും രാത്രി 11 മണിക്ക് ഗേറ്റ് അടക്കാറുമുണ്ട്.
എന്നാൽ, ആദ്യം വിവരങ്ങൾ തന്ന അധ്യാപകൻ പിന്നീട് മൊഴി മാറ്റി. ബാത്ത്റൂമിൽ കാൽ തറയിൽ മുട്ടിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാത്രിയിൽ വന്ന വാഹനം സംബന്ധിച്ചും ദുരുഹതയുണ്ട്. കേസ് പുനഃരന്വേഷണം നടത്തി മകന് നീതി ഉറപ്പാക്കണം. നീതി ലഭിക്കുന്നതുവരെ പോ രാടുമെന്നും മാതാപിതാക്കൾ പറഞ്ഞു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ മൊയ്തു, സ്മാൻ, മറിയം എന്നിവരും വാർത്തസമ്മേ ളനത്തിൽ പങ്കെടുത്തു.




Leave a Reply