November 10, 2026

എടവക നാഷണൽ എൽ.പി. സ്കൂളിൽ ‘ശ്രേഷ്ഠം 2026’ വിജയോത്സവം; കുട്ടികൾക്കായി ഒരുക്കിയ പാർക്ക് മന്ത്രി ടി.സിദ്ദീഖ് സമർപ്പിച്ചു

0
IMG-20261110-WA0091(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സംസ്ഥാനതല ശ്രേഷ്ഠ വിദ്യാലയ പുരസ്കാരത്തിൽ പ്രൈമറി വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ എടവക നാഷണൽ എൽ.പി. സ്കൂളിന്റെ വിജയാഘോഷമായ ‘ശ്രേഷ്ഠം 2026’ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പുരസ്കാരനേട്ടത്തിന്റെ ഭാഗമായി ലഭിച്ച സംസ്ഥാനതല പുരസ്കാരത്തുകയായ ഒരു ലക്ഷം രൂപയും ജില്ലാതല പുരസ്കാരത്തുകയായ അമ്പതിനായിരം രൂപയും ചേർത്ത് ഒന്നര ലക്ഷം രൂപ ചെലവഴിച്ച് കുട്ടികൾക്കായി നിർമിച്ച പാർക്ക് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വിദ്യാലയത്തിന് സമർപ്പിച്ചു. പുരസ്കാരത്തുക കുട്ടികളുടെ സന്തോഷത്തിനും വിനോദത്തിനുമായി വിനിയോഗിച്ച വിദ്യാലയത്തിന്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായി.

 

വിജയോത്സവത്തിന്റെ ഉദ്ഘാടനം മാനന്തവാടി എം.എ.എൽ. ഉഷ വിജയൻ നിർവഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ഡിഡിഇ ശശീന്ദ്ര വ്യാസ് ഡിജിറ്റൽ സ്ക്വയർ പദ്ധതി ഉദ്ഘാടനം ചെയ്തു. കല്ലോടി ഫൊറോന വികാരി ഫാ. സജി കോട്ടയിൽ അനുഗ്രഹപ്രഭാഷണവും, വയനാട് ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുങ്കര വിദ്യാർഥികളുടെ നൂറ് സ്വപ്നങ്ങൾ കോർത്തിണക്കിയ ‘100 Dreams of Our School’ സ്വപ്നവൃക്ഷം പദ്ധതിയും നിർവഹിച്ചു.

 

വയനാട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.എം. സെബാസ്റ്റ്യൻ വിജയപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഉപജില്ലാ ശാസ്ത്ര-സാമൂഹ്യശാസ്ത്രമേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചിന്നമ്മ ജോസ് വിജയവൃക്ഷത്തൈ നട്ടു.

 

എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീല ബാലൻ, മാനന്തവാടി എ.ഇ.ഒ. എം. സുനിൽകുമാർ, വാർഡ് മെമ്പർമാരായ ജോർജ് പടക്കൂട്ടിൽ, ജയപ്രകാശ് കെ., പ്രസന്ന ടീച്ചർ, പി.ടി.എ. പ്രസിഡന്റ് ഷമീർ പി.എ., മദർ പി.ടി.എ. പ്രസിഡന്റ് മഞ്ജുഷ എം.പി., സ്കൂൾ ലീഡർ മാസ്റ്റർ ആദിൽ പി.എ. എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനി ഫ്രാൻസിസ് സ്വാഗതവും സ്കൂൾ സീനിയർ അസിസ്റ്റന്റ് സിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി. വിദ്യാർഥികളുടെ കലാപരിപാടികൾ കൂടിയായതോടെ സംസ്ഥാനതല അംഗീകാരം വിനോദ സൗകര്യങ്ങളാക്കി മാറ്റിയ എടവക നാഷണൽ എൽ.പി. സ്കൂളിന്റെ വിജയോത്സവം മാതൃകാപരമായ മുന്നേറ്റമായി മാറി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news