November 10, 2026

തൊഴിലാളികൾ കുടുങ്ങിയത് കഴുത്തോളം മണ്ണിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും; രക്ഷകരായി അഗ്നിരക്ഷാസേന

0
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വീടിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളികൾക്ക് പരിക്കേറ്റത് അപ്രതീക്ഷിതമായി മണ്ണിടിഞ്ഞത്. വീടിന്റെ സംരക്ഷണ ഭിത്തി നിർമാണം നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം. മണ്ണിടിഞ്ഞതോടെ രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു. ജോലി ചെയ്തുകൊണ്ടിരിക്കെ മണ്ണിടിഞ്ഞുവീണ് കഴുത്തോളം മണ്ണിനടിയിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും കുടുങ്ങിയ നിലയിലായിരുന്നു തൊഴിലാളികൾ. കൽപ്പറ്റ എസ്.പി. ഓഫീസിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.

വിവരമറിഞ്ഞ് കൽപ്പറ്റ അഗ്നിരക്ഷാനിലയത്തിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹൈഡ്രോളിക് ഉപകരണങ്ങളും റസ്ക്യൂ ടൂളുകളും ഉപയോഗിച്ച് കോൺക്രീറ്റ് കമ്പികൾ മുറിച്ചുമാറ്റിയും, ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കമ്പികൾക്കിടയിൽ തൊഴിലാളികൾ കുടുങ്ങിക്കിടന്നതിനാൽ യന്ത്രങ്ങളുടെ ഉപയോഗം പരിമിതമായിരുന്നു. അഗ്നിരക്ഷാസേനയുടെ ഒരു മണിക്കൂറോളം നീണ്ട സാഹസികവും കഠിനവുമായ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും സുരക്ഷിതമായി പുറത്തെടുത്തത്. കൂടുതൽ മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടുകൊണ്ടുപോയത്. അപകടത്തിൽപ്പെട്ട സുനിൽ കുമാർ, റക്കീബ് ഷെയ്ഖ് എന്നിവരെ കൈനാട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ചികിത്സ നൽകി വരികയാണ്. അഗ്നിരക്ഷാസേനയുടെ സമയോചിതവും കാര്യക്ഷമവുമായ ഇടപെടലാണ് രണ്ട് ജീവനുകൾ രക്ഷിക്കാൻ സഹായകമായത്.

കൽപ്പറ്റ സ്റ്റേഷൻ ഓഫീസർ ശ്രീ. നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ.സതീഷ്ബാബു ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ. എ വി വിനോദ് കുമാർ ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ മധു വി ആർ , മോഹനൻ കെ എസ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷാഹുൽ ഹമീദ് കെ പി ,ദീപു കെ ആർ , വിഷ്ണു കെ ആർ ,സുജിത്ത് യു , വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീഷ്മ പി എൽ , സിമിൽ ജോസ് , ഹോംഗാർഡ്മാരായ ബിനു ഇ കെ , അഷ്‌റഫ് എന്നിവർ ആണ് രക്ഷാപ്രവർത്തനം നടത്തിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news