ഭാര്യാപിതാവിനെ മർദ്ദിച്ച കേസ്; കൽപ്പറ്റ കൺട്രോൾ റൂമിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു
കൽപ്പറ്റ: ഭാര്യാപിതാവിനെ മർദ്ദിച്ച കേസിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. കൽപ്പറ്റ കൺട്രോൾ റൂമിലെ പോലീസുകാരനായ പടമല വള്ളുകാട്ടിൽ അഭിജിത്ത് പോളിനെയാണ് വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കമ്മനയിലെ കർഷകനായ ഐക്കരക്കുടി റെജി (55)യെയാണ് അഭിജിത്ത് മർദിച്ചത്. റെജിയുടെ മകളുടെ ഭർത്താവാണ് അഭിജിത്ത്.
ഒക്ടോബർ 25-ന് കമ്മന താബോർ പള്ളിക്ക് സമീപമായിരുന്നു സംഭവം. കോടതി ഉത്തരവുപ്രകാരം കുട്ടിയുടെ സംരക്ഷണച്ചുമതല ആഴ്ചയിൽ അഞ്ചുദിവസം അഭിജിത്തിനാണ്. ഉന്നതവിദ്യാഭ്യാസത്തിനായി കുട്ടിയുടെ അമ്മ മാറിനിൽക്കുന്നതിനാലാണ് ഈ ക്രമീകരണം. കുട്ടിയെ അഭിജിത്തിന് കൈമാറാനായി പള്ളിക്ക് സമീപം എത്തിയപ്പോഴാണ് റെജിക്ക് മർദനമേറ്റത്. മൂക്കിന്റെ എല്ലിന് പൊട്ടലേറ്റ റെജി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ തേടിയിരുന്നു.
സംഭവത്തിൽ മാനന്തവാടി പോലീസ് അഭിജിത്തിനെതിരെ കേസെടുത്തിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് മാനന്തവാടി പോലീസ് ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയും ചെയ്തു. നേരത്തേ ഭാര്യയെ മർദിച്ച കേസും അഭിജിത്തിനെതിരെയുണ്ട്. ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസും നിലവിലുണ്ട്.
അതേസമയം, അഭിജിത്ത് പോളിന്റെ പരാതിയിൽ റെജിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കോടതി ഉത്തരവ് അവഗണിച്ച് കുട്ടിയെ കൈമാറാൻ വിസമ്മതിക്കുകയും തന്നെ വിളിച്ചുവരുത്തി അസഭ്യം പറഞ്ഞ് മർദിക്കുകയും ചെയ്തെന്നാണ് അഭിജിത്തിന്റെ പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.




Leave a Reply