26 ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പർ ലോറി കണ്ടെത്തി; 2500 കി.മീ നീണ്ട അന്വേഷണത്തിനൊടുവിൽ തിരുനെല്ലി പോലീസിന് വിജയം

തിരുനെല്ലി: ലീസിനെടുത്ത ടിപ്പർ ലോറി ഉടമയറിയാതെ കരാർ വ്യവസ്ഥകൾ ലംഘിച്ചും ജി.പി.എസ് സംവിധാനം വിച്ഛേദിച്ചും 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്ത സംഭവത്തിൽ വാഹനം കണ്ടെത്തി തിരുനെല്ലി പോലീസ്. ഏകദേശം 2500 കിലോമീറ്ററോളം നീണ്ട സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് തമിഴ്‌നാട്ടിലെ സേലത്തിന് സമീപമുള്ള ഓമല്ലൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. തൃശിലേരി സ്വദേശിയായ വാഹന ഉടമ അനൂപിന്റെ പരാതിയിൽ 2026 ഓഗസ്റ്റിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വാഹനം കേരളത്തിന് പുറത്തേക്ക് കടത്തിയതിനെ തുടർന്ന് കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ, ബാങ്ക് അക്കൗണ്ട് ഇടപാടുകൾ, ടോൾ ബൂത്തുകളിലെ വിവരങ്ങൾ എന്നിവ സൂക്ഷ്മമായി പരിശോധിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. തിരുനെല്ലി സി.ഐ, എസ്.ഐ എന്നിവരുടെ നിർദേശപ്രകാരം സി.പി.ഒമാരായ എം.ആർ. ജിതിൻ, ഇ.ജി. വിനായക് എന്നിവരടങ്ങിയ സംഘമാണ് രാപ്പകലില്ലാതെ കേസ് അന്വേഷിച്ച് വാഹനം പൊളിച്ചുവിൽക്കുന്നതിന് മുൻപ് തന്നെ സമയബന്ധിതമായി വീണ്ടെടുത്തത്.




Leave a Reply