November 11, 2026

കാർഷികകേരളം ഫാം ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു; വയനാട് സ്വദേശി കെ.ആർ. രമിത്തിന് ഒന്നാം സമ്മാനം

0
Merin S
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച 2026–27 വർഷത്തെ സംസ്ഥാനതല ഡിജിറ്റൽ ഫാം ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് പ്രഖ്യാപിച്ചു. ‘കാർഷികകേരളം – പുതുയുഗപ്പിറവിയിലേക്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മത്സരത്തിൽ വയനാട് സ്വദേശിയായ കെ.ആർ. രമിത് 20,000 രൂപയുടെ ഒന്നാം സമ്മാനത്തിന് അർഹനായി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ബാബു നൈസ് 10,000 രൂപയുടെ രണ്ടാം സമ്മാനവും കോട്ടയം സ്വദേശിയായ അബ്ദുൽ റസാഖ് 5,000 രൂപയുടെ മൂന്നാം സമ്മാനവും നേടി.

 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 1000-ലേറെ ചിത്രങ്ങളാണ് മത്സരത്തിനായി ലഭിച്ചത്. രാജൻ ടി.എസ്. (തൃശൂർ), സാജു നടുവിൽ (കണ്ണൂർ), സുനിൽ പുനർക (തൃശൂർ), ഷാജി ചേർത്തല (ആലപ്പുഴ), മേഘ മോഹൻ (തൃശൂർ), മണികണ്ഠൻ എ.വി. (തൃശൂർ), മാതൃഭൂമി സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ പി.പി. രതീഷ് (പാലക്കാട്), അജീഷ് ചിറക്കകോട് (തൃശൂർ), ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ മനു വിശ്വനാഥ് (കോട്ടയം), മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി. ബിജു (ആലപ്പുഴ) എന്നിവർ 1,000 രൂപ വീതമുള്ള പ്രോത്സാഹന സമ്മാനത്തിന് അർഹരായി. ആകെ 45,000 രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്.

 

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ വൈവിധ്യമാർന്ന കാർഷിക പ്രവർത്തനങ്ങൾ ഫോട്ടോഗ്രാഫിയിലൂടെ ഒപ്പിയെടുത്ത് പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ കേരള കർഷകൻ മാസികയിൽ പ്രസിദ്ധീകരിക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *