മനുഷ്യത്വത്തിന്റെ മാതൃകയായ റസാഖിനെയും കുടുംബത്തെയും ആദരിക്കാൻ മന്ത്രി ടി. സിദ്ദിഖ് എത്തി
കൽപ്പറ്റ: ജാതിമത ചിന്തകൾക്കതീതമായി മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ മാതൃക ഉയർത്തിപ്പിടിച്ച ചിത്രഗിരി വടുവൻചാലിലെ കാപ്പൻ റസാഖിന്റെ വീട് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് സന്ദർശിച്ചു. മക്കളോ ബന്ധുക്കളോ ഇല്ലാതിരുന്ന 85-കാരി കല്യാണിയമ്മയെ സ്വന്തം പെറ്റമ്മയെപ്പോലെ അരനൂറ്റാണ്ടോളം പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്ത റസാഖ്, ഭാര്യ റുഖിയ, സഹോദരൻ സുലൈമാൻ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ സ്നേഹവും കരുതലും നേരിട്ടറിയുന്നതിനും ആദരമർപ്പിക്കുന്നതിനുമായിരുന്നു മന്ത്രിയുടെ സന്ദർശനം.കല്യാണിയമ്മയുടെ മരണശേഷം മതത്തിന്റെ അതിർവരമ്പുകൾക്കപ്പുറം അയൽവാസികളായ റസാഖും സഹോദരൻ സുലൈമാനും ചേർന്ന് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത് വലിയ മാനവിക സന്ദേശമായി കേരളം ഏറ്റെടുത്തിരുന്നു. ഈ കുടുംബം കല്യാണിയമ്മയ്ക്ക് നൽകിയ സ്നേഹവും പരിചരണവും സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി നേരത്തെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.വ്യാഴാഴ്ച വടുവൻചാലിലെ വീട്ടിലെത്തി കുടുംബത്തെ നേരിൽക്കണ്ട് സംസാരിച്ച മന്ത്രി അവരുടെ നിസ്വാർഥമായ സ്നേഹത്തിനും കരുതലിനും ആദരമർപ്പിച്ചു. മനുഷ്യസ്നേഹത്തിന് ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളില്ലെന്നും ഇത്തരം ജീവിതങ്ങൾ കേരളത്തിന്റെ മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും യഥാർത്ഥ അടയാളങ്ങളാണെന്നും മന്ത്രി പറഞ്ഞു.




Leave a Reply