മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 16-ന് തുടങ്ങും
മാനന്തവാടി: മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 16, 17, 18, 19, 20 തീയതികളിൽ വെള്ളമുണ്ട ജി.എം.എച്ച്.എസ്. സ്കൂളിലും എ.യു.പി. സ്കൂളിലുമായി നടക്കും. പത്മശ്രീ ചെറുവയൽ രാമേട്ടന്റെ ഓർമ്മയ്ക്കായി അദ്ദേഹം സംരക്ഷിച്ച നെൽവിത്തുകളുടെ പേരുകളാണ് കലോത്സവത്തിലെ 16 വേദികൾക്കും നൽകിയിരിക്കുന്നത്. 102 സ്കൂളുകളിൽ നിന്നുള്ള എട്ടായിരത്തിലധികം മത്സരാർത്ഥികൾ 323 ഇനങ്ങളിലായി മാറ്റുരയ്ക്കുന്ന കലോത്സവത്തിൽ ഇരുന്നൂറിലധികം വിധികർത്താക്കൾ വിധിനിർണ്ണയത്തിനെത്തും. തിങ്കളാഴ്ച ഓഫ് സ്റ്റേജ് മത്സരങ്ങളാണ് നടക്കുക. വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിലാണ് പ്രധാന വേദിയും ഭക്ഷണശാലയും ഒരുക്കിയിരിക്കുന്നത്. അഞ്ച് ദിനരാത്രങ്ങളിലായി കലോത്സവത്തിനെത്തുന്നവർക്കുള്ള ഭക്ഷണവും മറ്റ് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികളായ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല, വൈസ് പ്രസിഡന്റ് എം. ലതിക, സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ മൊയ്തു ആറങ്ങാടൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഷമീർ തുരുത്തിയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എ.ഇ.ഒ എം. സുനിൽ കുമാർ, പബ്ലിസിറ്റി കൺവീനർ സുബൈർ ഗദ്ദാഫി, പ്രിൻസിപ്പാൾ എം. രാധിക, വൈസ് പ്രിൻസിപ്പാൾ സി.ടി. ബീന, ജോസ് പള്ളത്ത്, രോഷ്മി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




Leave a Reply