കാക്കവയൽ – കാരാപ്പുഴ റോഡ് നവീകരണം കാക്കവയൽ ജംഗ്ഷനിൽ നിന്ന് തന്നെ ആരംഭിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി
കാക്കവയൽ: ദേശീയപാത 766-ൽ നിന്ന് ആരംഭിക്കുന്ന കാക്കവയൽ – കാരാപ്പുഴ ഡാം റോഡ് ബി.എം & ബി.സി നിലവാരത്തിൽ ആധുനിക രീതിയിൽ ഉയർത്തുന്ന പ്രവൃത്തി കാക്കവയൽ ജംഗ്ഷനിൽ നിന്ന് തന്നെ ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കവയൽ യൂണിറ്റ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.വയനാട്ടിലെത്തുന്ന ഭൂരിഭാഗം വിനോദസഞ്ചാരികളും പ്രദേശവാസികളും വിദ്യാർത്ഥികളും ഉൾപ്പെടെ ദിനേന ആയിരക്കണക്കിന് വാഹനങ്ങൾ ആശ്രയിക്കുന്ന ഈ റോഡ് വർഷങ്ങളായി തകർന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്. നിരവധി പ്രക്ഷോഭങ്ങൾക്കൊടുവിൽ കഴിഞ്ഞ വർഷം അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും മൂന്ന് മാസത്തിനുള്ളിൽ റോഡ് വീണ്ടും പഴയ അവസ്ഥയിലായി.ടൂറിസ്റ്റ് സീസൺ ആരംഭിക്കുന്നതിന് മുമ്പായി ടെൻഡറിൽ രേഖപ്പെടുത്തിയ പ്രകാരമുള്ള നിർമ്മാണ പ്രവൃത്തികൾ കാക്കവയലിൽ നിന്ന് ഉടൻ ആരംഭിച്ചില്ലെങ്കിൽ വ്യാപാരികളുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്ന് സമരപരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.യൂണിറ്റ് പ്രസിഡന്റ് നൗഷാദ് കരിമ്പനക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റഫീഖ് കെ.എ, ഷാനവാസ്, കുര്യൻ കെ.എം, അബ്ദുൽ ലത്തീഫ്, സുധീർ സി.എം, ഷൗക്കത്തലി, അഷ്കർ അറക്കൽ, നാസർ എൻ.പി, ഷൈജു ബാപ്പുട്ടി, ജെയിംസ് മോഡേൺ, സ്കറിയ കൈതമറ്റം, കുഞ്ഞബ്ദുള്ള ഹാജി, നൗഷാദ് കെ.വി, സജയൻ മാത്യു, തങ്കച്ചൻ എന്നിവർ സംസാരിച്ചു.




Leave a Reply