പൊതുമരാമത്ത് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം
ബത്തേരി: നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടന്നുവരുന്ന പ്രധാന റോഡ്, പാലം, സ്റ്റേഡിയം വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്തിയ യോഗം, പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും തുടർനടപടികൾ വേഗത്തിലാക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകി.
പരിക്കല്ലൂർ – പുൽപ്പള്ളി – സുൽത്താൻ ബത്തേരി റോഡ് നവീകരണ പ്രവർത്തിയുടെ പുരോഗതിയാണ് ആദ്യം വിലയിരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് കരാറുകാരനുമായി യോഗം നേരിട്ട് ബന്ധപ്പെട്ടു. വരുന്ന തിങ്കളാഴ്ചയായ 23.11.2026-ന് പ്രവൃത്തി ആരംഭിക്കുമെന്ന് കരാറുകാരൻ യോഗത്തെ അറിയിച്ചു. നിശ്ചയിച്ച സമയത്ത് പ്രവൃത്തി ആരംഭിച്ചില്ലെങ്കിൽ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ (Risk and Cost) കരാർ റദ്ദാക്കുന്നതിനുള്ള ശുപാർശ നൽകാനും യോഗം തീരുമാനിച്ചു.
തുടർന്ന് കാക്കവയൽ – കൊളവയൽ – കാരമ്പാടി – കേണിച്ചിറ – എരിയപ്പള്ളി റോഡിന്റെ പുരോഗതി വിലയിരുത്തി. നിലവിൽ സമർപ്പിച്ചിട്ടുള്ള പുതുക്കിയ എസ്റ്റിമേറ്റിന് (Revised Estimate) അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് റോഡ് പ്രവൃത്തി ആരംഭിക്കാമെന്ന് കെ.ആർ.എഫ്.ബി അറിയിച്ചു.
റോഡ് വികസനവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് തടസ്സമായി നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ നവംബർ 25-ന് ശേഷം മാറ്റിത്തുടങ്ങുമെന്ന് കെ.എസ്.ഇ.ബി യോഗത്തെ അറിയിച്ചു. ഡിസംബർ 10-നകം പോസ്റ്റുകൾ മാറ്റുന്ന പ്രവൃത്തി പൂർത്തീകരിക്കുമെന്നും വ്യക്തമാക്കി. പോസ്റ്റുകൾ മാറ്റുന്ന മുറയ്ക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കാമെന്ന് വാട്ടർ അതോറിറ്റിയും അറിയിച്ചു. ഡിസംബർ 27-ന് പൈപ്പ് ലൈൻ പ്രവൃത്തി ആരംഭിച്ച് 15 ദിവസത്തിനകം പൂർത്തീകരിക്കാൻ കഴിയുമെന്നും വാട്ടർ അതോറിറ്റി യോഗത്തിൽ അറിയിച്ചു.
കൂടാതെ, കാക്കവയൽ – കൊളവയൽ – കേണിച്ചിറ – എരിയപ്പള്ളി റോഡിൽ നിലവിലെ പദ്ധതിയിൽ ഉൾപ്പെടാതെ ഒഴിവാക്കപ്പെട്ട ഭാഗത്തെ റോഡ് നവീകരണവും പാലം നിർമ്മാണവും പ്രത്യേകം രണ്ട് പദ്ധതികളായി പരിഗണിച്ച് റിപ്പോർട്ട് സമർപ്പിക്കാനും യോഗത്തിൽ ധാരണയായി. നിലവിൽ കെ.ആർ.എഫ്.ബി നടപ്പിലാക്കുന്ന റോഡ് പ്രവൃത്തിയുടെ അതേ നിലവാരത്തിലും സാങ്കേതിക മാനദണ്ഡങ്ങളിലും ഒഴിവാക്കപ്പെട്ട ഭാഗത്തെ റോഡ് പ്രവൃത്തിയും നടപ്പിലാക്കണമെന്ന് യോഗം നിർദേശിച്ചു.
ഇതിനുപുറമെ, തുമ്പക്കുനി, പാലക്കുറ്റി തുടങ്ങിയ പാലങ്ങളുടെ തുടർനിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും യോഗം നിർദേശിച്ചു. മീനങ്ങാടി ശ്രീകണ്ഠ ഗൗഡർ സ്റ്റേഡിയം, നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ നിരപ്പത്ത് ഇൻഡോർ സ്റ്റേഡിയം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിലാക്കി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി.
റോഡ്, പാലം, കായിക അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലെ കാലതാമസം ഒഴിവാക്കി ജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കി വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനുമാണ് യോഗം നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ദിലീപ് കുമാർ, പ്രസന്ന ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി സാബു, എൻ.കെ. ബാലകൃഷ്ണൻ, വർഗീസ് മുരുകൻ കാവിൽ എന്നിവർ പങ്കെടുത്തു.




Leave a Reply