ഗുണ്ടല്‍പേട്ടില്‍ പൂക്കാലം
ഗുണ്ടല്‍പേട്ട്: സ്വര്‍ണ്ണ വര്‍ണ്ണത്താല്‍ വിരിഞ്ഞ് നില്‍ക്കുന്ന ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങള്‍ കാണാന്‍ താല്പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ സമയമാണിത്. സൂര്യകാന്തി തോട്ടം മാത്രമല്ല ബന്ധിപ്പൂര്‍ മുതുമല വന പാതവഴിയുള്ള വന്യമൃഗങ്ങളേയും കണ്ട് കിടിലന്‍ ഒരു കാഴ്ച്ചകൂടെയാവും ഈ യാത്ര.സംസ്ഥാന അതിര്‍ത്തിയായ കര്‍ണാടകയിലെ ചാമരാജ് നഗറിലെ ഗുണ്ടല്‍പേട്ട്, നഞ്ചന്‍കോട് എന്നിവിടങ്ങളിലാണ് സൂര്യകാന്തി, ചെണ്ടുമല്ലി പൂപ്പാടങ്ങള്‍ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നത്.
ദേശീയപാത 766ന് ഇരുവശത്തുമായി പരന്നു കിടക്കുന്ന ഇവിടെ ജൂലൈ ആദ്യ വാരം മുതല്‍ പൂക്കള്‍ വിരിഞ്ഞ് തുടങ്ങിയിരുന്നു.
കേരളത്തിലെ ഓണക്കാലം ലക്ഷ്യം വെച്ചാണ് കര്‍ണാടകയില്‍ പൂപ്പാടങ്ങള്‍ ഒരുങ്ങുന്നത്. വയനാട് ജില്ലയില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നുമുള്ള മലയാളികളാണ് പൂപ്പാടം കാണാന്‍ എത്തുന്നതില്‍ ഭൂരിപക്ഷവും. സഞ്ചാരികളുടെ തള്ളിക്കയറ്റം കാരണം സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴി മുതല്‍ തന്നെ ഗുണ്ടല്‍പേട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ തിരക്കാണ്.
കര്‍ണാടക അതിര്‍ത്തി പിന്നിട്ട് വനപ്രദേശവും കഴിഞ്ഞ് എത്തുന്ന മഥൂര്‍ മുതല്‍ തുടങ്ങുകയാണ് പാതയ്ക്ക് ഇരുവശവും പൂത്തുലഞ്ഞുകിടക്കുന്ന പൂപ്പാടം. ഹെക്ടര്‍ കണക്കിന് പാടമാണ് സൂര്യകാന്തി പ്രഭയോടെ ഇവിടെ പൂത്തുലഞ്ഞ് നില്‍ക്കുന്നത്. ഇനി സെപ്റ്റംബര്‍ ആദ്യ വാരം വരെ ഗുണ്ടല്‍പേട്ടിലേക്ക് ഈ പൂപ്പാടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ എത്തികൊണ്ടേയിരിക്കും.





Leave a Reply