ക്യാനുകളിൽ ഇന്ധനം നൽകാനുള്ള വിലക്ക്: കാർഷിക പ്രതിസന്ധി രൂക്ഷമെന്ന് എഫ്.ആർ.എഫ്
പനമരം: ക്യാനുകളിൽ ഇന്ധനം നൽകരുതെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് ജില്ലയിൽ കാർഷിക മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലാക്കുന്നതായി ഫാർമേഴ്സ് റിലീഫ് ഫോറം (എഫ്.ആർ.എഫ്) വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ കാർഷിക പ്രവൃത്തികൾക്കായി ഭൂരിഭാഗം കർഷകരും യന്ത്രവൽകൃത സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഹിറ്റാച്ചി, കാട് വെട്ട് യന്ത്രം, ഞാറു നടീൽ യന്ത്രം, വൈക്കോൽ കെട്ട് യന്ത്രം തുടങ്ങിയവയിലെല്ലാം തന്നെ ക്യാനുകളിൽ ഇന്ധനം കൊണ്ടുവന്നാണ് പ്രവർത്തിപ്പിക്കുന്നത്. എന്നാൽ പമ്പുകളിൽ നിന്നും ക്യാനുകളിൽ ഇന്ധനം ലഭിക്കാത്ത സാഹചര്യം വന്നതോടെ ഈ മേഖല പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്. കാർഷിക മേഖലയെ തകർക്കുന്ന ഈ തീരുമാനം കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരവുമായി കർഷകരെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുൻപിൽ അണിനിരത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. പത്രസമ്മേളനത്തിൽ എ.സി. തോമസ്, ടി. ഇബ്രാഹിം, എ.എൻ. മുകുന്ദൻ, പച്ചക്കുര്യൻ, ഒ.ആർ. വിജയൻ എന്നിവർ പങ്കെടുത്തു.





Leave a Reply