ലാബ് റിപ്പോര്‍ട്ട് മാറിനല്‍കി; മാനന്തവാടിയിലെ സ്വകാര്യ ലാബിനെതിരെ പരാതി
മാനന്തവാടി: മാനന്തവാടിയിലെ മെഡിക്കല്‍ ലാബായ മൈക്രോ ഹെല്‍ത്ത് ലാബിനെതിരെ ഗുരുതര ആരോപണവുമായി ഒരു കുടുംബം രംഗത്ത്. തെറ്റായി രേഖപ്പെടുത്തിയ ടെസ്റ്റ് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് പരാതി.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24-നാണ് സംഭവമുണ്ടായത്. പടിഞ്ഞാറത്തറയിലെ വാരാമ്പറ്റ സ്വദേശിയായ സോണി പി. തോമസിനാണ് മൈക്രോ ഹെല്‍ത്ത് ലാബില്‍ നിന്ന് തെറ്റായി രേഖപ്പെടുത്തിയ ടെസ്റ്റ് റിപ്പോര്‍ട്ട് ലഭിച്ചത്. ചികിത്സയ്ക്കായി ഡോക്ടറെ സമീപിച്ചപ്പോള്‍ ലാബിന്റെ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് രണ്ടാമതും രക്തം പരിശോധിച്ചപ്പോഴാണ് മൈക്രോ ലാബില്‍ നിന്ന് നല്‍കിയത് തെറ്റായ റിപ്പോര്‍ട്ടാണെന്ന് സ്ഥിരീകരിച്ചത്.
തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് സോണിയുടെ കുടുംബം വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ഡി.എം.ഒ) പരാതി നല്‍കിയിരുന്നു. പരാതി നല്കി ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു എന്ന മറുപടിയാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്നത്.
ഈ ലാബിനെതിരെ മുമ്പും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ ഓഫീസ് അറിയിച്ചു. ഇതിനെതിരെ ആരോഗ്യവകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. അതേസമയം, സ്വകാര്യ ആശുപത്രി അധികൃതര്‍ പരാതിക്കാരുമായി സംസാരിക്കുകയും തെറ്റ് പറ്റിയതാണെന്ന് കുടുംബത്തെ ധരിപ്പിക്കുകയും ചെയ്തിരുന്നു.





Leave a Reply