ചികിത്സാ പിഴവ്: യുവതിയുടെ ശരീരത്തിൽ തുണിക്കഷണം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രിയുടെ ഇടപെടൽ
മാനന്തവാടി: വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്നും രണ്ടര മാസങ്ങൾക്ക് ശേഷം തുണി കഷണം പുറത്ത് വന്നതുമായി ബന്ധപ്പെട്ട് വയനാട് ആർ.സി.എച്ച്. ഓഫീസർ ഡോ. ജെറിൻ ജെറാൾഡിന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിനെതിരെ ലഭിച്ച പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു.ഫോറൻസിക് പരിശോധനയ്ക്ക് തുണി കഷണം വിട്ടില്ലെന്നും മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നുമാണ് ആവിശ്യം
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുവാൻ ആരോഗ്യ വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറി. കഴിഞ്ഞ ഒക്ടോബർ 20-ന് പ്രസവത്തിനായി വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മാനന്തവാടി പാണ്ടിക്കടവ് പാറവിള വീട്ടിൽ 21 വയസ്സുള്ള ദേവിയുടെ ശരീരത്തിൽ നിന്നാണ് കഴിഞ്ഞ 29-ആം തീയതി തുണി കഷണം പുറത്ത് വന്നത്. ഉടൻ ദേവി ജില്ലാ ,മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. പ്രസവം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങിയ ദേവിയ്ക്ക് ഇതിന് ശേഷം അസഹ്യമായ വേദനയും ദുർഗന്ധവും ഉണ്ടായത് കാരണം രണ്ട് തവണ പ്രസ്തുത ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടിരുന്നു. എന്നാൽ സ്കാനിങ് അടക്കം യാതൊരു പരിശോധനകളും ഡോക്ടർ നടത്തിയിട്ടില്ലെന്നും ഇതിന്റെ തെളിവുകൾ രോഗിയുടെ കൈവശം ഉണ്ട് എന്നും വ്യക്തമാക്കി. ശരീരത്തിൽ നിന്നും തുണി കഷണം പുറത്ത് പുറത്ത് വന്ന സംഭവത്തിൽ ഇപ്പോൾ ആരോഗ്യ വകുപ്പിന് നൽകിയ റിപ്പോർട്ടിൽ രോഗിയെ സംശയ നിഴലിൽ നിർത്തുന്നതാണ്. ചികിത്സാ പിഴവ് കാണിച്ച ഡോക്ടർമാരെ സംരക്ഷിക്കുവാനാണ് ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതെന്നും ശരീരത്തിൽ നിന്നും ലഭിച്ച തുണി കഷണം ഫോറൻസിക് പരിശോധനയ്ക്ക് വിട്ടിട്ടില്ല എന്നുമാണ് ആരോപണം. രോഗിയെ സംശയ നിഴലിൽ നിർത്തുന്ന ഇപ്പോഴത്തെ റിപ്പോർട്ട് സർക്കാർ തള്ളണമെന്നും ഇത്തരം നടപടി ക്രമങ്ങൾ വേണമെന്നും ജില്ലയ്ക്ക് പുറത്തുള്ള ഫോറൻസിക് – ഗൈനക്കോളജി ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ച് കൃത്യമായ അന്വേഷണം സംഭവത്തിൽ സർക്കാർ ഉറപ്പാക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെടുന്നത്.





Leave a Reply