June 11, 2026

ശബരിമല സ്വര്‍ണക്കൊള്ളയിലും ബ്രഹ്‌മഗിരി തട്ടിപ്പിലും സി പി എം സ്വീകരിക്കുന്നത് അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനം: ഷാഫി പറമ്പില്‍ എം പി

0
IMG_20260116_203711
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: ശബരിമല അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ സംരക്ഷിക്കുന്ന അതേ സമീപനമാണ് ബ്രഹ്‌മഗിരിയില്‍ അഴിമതി നടത്തിയവരെ സംരക്ഷിക്കുന്ന സി പി എമ്മിന്റെ സമീപനവുമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം പി. കല്‍പ്പറ്റ നിയോജകമണ്ഡലം കോണ്‍ഗ്രസ് നേതൃത്വ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം പ്രവര്‍ത്തകന്മാരെ പ്രേരിപ്പിച്ചും പ്രലോഭിപ്പിച്ചും പണം വാങ്ങി അഴിമതിയും ധൂര്‍ത്തും നടത്തി ഒരു സ്ഥാപനത്തെ എങ്ങനെ തകര്‍ക്കാമെന്ന് പരീക്ഷണം നടത്തി വിജയിച്ച സാമ്പത്തിക ക്രിമിനലുകളെ സംരക്ഷിക്കുന്ന സി പി എം നേതൃത്വം സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരോടെങ്കിലും നീതി പുലര്‍ത്താന്‍ തയ്യാറാകണം. ബ്രഹ്‌മഗിരിയുമായി ബന്ധപ്പെട്ട അഴിമതി നടത്തിയ പണം എന്ന് തിരിച്ചുകൊടുക്കുമെന്ന് സി പി എം വ്യക്തമാക്കണം. സി പി എം ജില്ലാ നേതൃത്വത്തിന്റെ ഇക്കാര്യത്തിലുള്ള മൗനം കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനത്തിന്റെ ഭാഗമാണ്. പണം നഷ്ടപ്പെട്ട ആളുകള്‍ക്കായുള്ള തുടര്‍സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനിച്ച് കൊലപാതകം നടത്തിയാല്‍ വിശുദ്ധ കൊലപാതകവും, പാര്‍ട്ടി തീരുമാനിച്ച് അഴിമതി നടത്തിയാല്‍ വിശുദ്ധ അഴിമതിയുമാകുന്ന വിചിത്രസമീപനമാണ് സി പി എമ്മിന്റേതെന്നും ഷാഫി പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ കത്ത് ആവേശത്തോടെ വായിച്ചവര്‍ ഉരുള്‍ദുരന്തബാധിതര്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ സഹായത്തെ നിസാരവത്ക്കരിക്കുകയാണെന്ന് ഷാഫി പറഞ്ഞു. യോഗി ആദിത്യനാഥിന്റെ സന്ദേശം വലിയ വായില്‍ വായിക്കാന്‍ ആവേശം കാണിക്കുന്ന മന്ത്രിമാരെ കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന പിണറായി വിജയന്റെ മന്ത്രിസഭ, കേരളത്തിലൊരു ദുരന്തമുണ്ടായപ്പോള്‍ നൂറു വീട് നിര്‍മ്മിക്കാന്‍ എല്ലാപിന്തുണയും നല്‍കി പണവും കൊടുത്ത കര്‍ണാടക സര്‍ക്കാരിനെ പറ്റി നല്ല വാക്ക് പറയാന്‍ മടിക്കുന്നത് അതിന്റെ തലപ്പത്ത് ബി ജെ പി അല്ലാത്തതുകൊണ്ടാണ്. യോഗിയുടെ സര്‍ക്കാരായിരുന്നെങ്കില്‍ പിണറായിയുടെയും വാസവന്റെയും സ്തുതി കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളിലും പാടി നടക്കാന്‍ ഇവര്‍ക്ക് ഒരു മടിയും ഉണ്ടാകുമായിരുന്നില്ല. ഈ കൂട്ടുകെട്ടിനെ കൂടിയായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ തോല്‍പ്പിക്കാന്‍ പോകുന്നതെന്നും ഷാഫി പറഞ്ഞു. ഒരു ഭരണകൂടം ബി ജെ പിയുടേത് ഇവിടെ വേണമെന്ന് കേന്ദ്രനേതൃത്വത്തിന് വേണ്ടത്ര തോന്നാത്തതിന്റെ കാരണം ഇവരെ വെച്ച് അഡ്ജറ്റ് ചെയ്താല്‍ കാര്യങ്ങള്‍ നടക്കുമെന്നുള്ളത് കൊണ്ടാണെന്നും ഷാഫി പറഞ്ഞു.

കോണ്‍ഗ്രസ് ഏറ്റെടുത്ത ഭൂമിയില്‍ യഥാര്‍ഥ്യത്തില്‍ വന്യജീവി ശല്യമല്ല, സി പി എമ്മിന്റെ ശല്യമാണ് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം. പദ്ധതി കോണ്‍ഗ്രസ് നടപ്പിലാക്കരുതെന്നാണ് സി പി എമ്മിന്റെ ആഗ്രഹം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചെയ്തതൊന്നും കാര്യമായി ജനങ്ങളോട് പറയാനില്ല. സര്‍ക്കാര്‍ നിര്‍മ്മിച്ച പദ്ധതിയാണെങ്കില്‍ അത് ജനകീയ പങ്കാളിത്തതോടെയാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്‍പ്പെടെ അതിലേക്ക് പണം നീക്കിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭൂമി വാങ്ങി രജിസ്റ്റര്‍ ചെയതപ്പോള്‍ അസ്വസ്ഥത ആരംഭിച്ചു. എല്ലാകാര്യങ്ങളും ശാസ്ത്രീയമായി പഠിച്ച് ഒരു ഭവനപദ്ധതി നടപ്പിലാക്കാന്‍ ഒരുക്കുമ്പോള്‍ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ കാണിക്കണം. ദുരന്തമുണ്ടായപ്പോള്‍ ഇവിടെ ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടി നോക്കിയല്ല ജനങ്ങളും, കോണ്‍ഗ്രസ് സര്‍ക്കാരുകളുമടക്കം സഹായിച്ചതെന്നും ഷാഫി പറഞ്ഞു. അതിനൊന്നും ഒരു വിലയുമില്ല. യോഗിയുടെ ആശംസാ കത്തിന് കൊടുക്കുന്ന വിലയെങ്കിലും കര്‍ണാടകത്തിലെ ജനങ്ങളും സര്‍ക്കാരും ദുരന്തബാധിതര്‍ക്ക് നല്‍കിയ സഹായത്തില്‍ കാണിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറല്ല. ഒരു ദുരന്തമുണ്ടായ സമയത്ത് കോണ്‍ഗ്രസ് ഒരു പദ്ധതി പ്രഖ്യാപിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട് കാലമതാമസമുണ്ടായി. അതും പരിഹരിച്ച് പദ്ധതി തുടങ്ങാനിരിക്കുമ്പോള്‍ വാര്‍ത്തകളിലൂടെ ഇതിനെ ശല്യപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ കാരണം കോണ്‍ഗ്രസ് വീടുകള്‍ പണിയരുതെന്ന ആഗ്രഹം കൊണ്ടാണ്. വയനാട്ടില്‍ ആനയും പുലിയും കടുവയുമിറങ്ങുന്നത് കഴിഞ്ഞ പത്ത് വര്‍ഷമായി ജനങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നപ്പോള്‍ അതൊന്നും കേള്‍ക്കാത്ത സര്‍ക്കാരാണ്, കോണ്‍ഗ്രസ് പദ്ധതിയുമായി എത്തുമ്പോള്‍ കാട്ടാനത്തോട്ടമെന്നൊക്കെ വിളിക്കുന്നത്. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിക്കും. പരമാവധി സൗകര്യങ്ങളോട് കൂടിയ ജനങ്ങള്‍ക്ക് സന്തോഷത്തോടെ വസിക്കാന്‍ കഴിയുന്ന ഒരു സാഹചര്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയാണ് സര്‍ക്കാര്‍ നല്‍കേണ്ടതെന്നും ഷാഫി പറഞ്ഞു. ഈ ദുഷ്പ്രചരണങ്ങളും പദ്ധതിയെ തകര്‍ക്കാനുള്ള പാഴ്‌വേലകളും നിഷ്പ്രഭമാകുമെന്നും എം പി പറഞ്ഞു. ബി സുരേഷ്ബാബു അധ്യക്ഷനായിരുന്നു. കെ പി സി സി ട്രഷറര്‍ വി എ നാരായണന്‍, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, ടി സിദ്ധിഖ് എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, കെ പി സി സി മെമ്പര്‍ പി പി ആലി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാകൃഷ്ണന്‍, ഒ വി അപ്പച്ചന്‍, വി എ മജീദ്, ബിനുതോമസ്, മോയിന്‍ കടവന്‍, പി കെ അബ്ദുറഹ്‌മാന്‍, പോല്‍സണ്‍ കൂവക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *