വാളാട് സ്കൂളിലെ വിദ്യാർഥി സംഘർഷം: ഏഴ് പേർ പുറത്തേക്ക്; കർശന നടപടികളുമായി അധികൃതർ
വാളാട് : വാളാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന വിദ്യാർഥി സംഘർഷത്തെത്തുടർന്ന് ഇതിലുൾപ്പെട്ട ഏഴ് വിദ്യാർഥികളെ സ്കൂളിൽനിന്ന് താത്കാലികമായി മാറ്റിനിർത്താൻ തീരുമാനിച്ചതായി പ്രധാന അധ്യാപകൻ രാജീവൻ പുതിയേടത്ത് അറിയിച്ചു. കഴിഞ്ഞ 29-ന് സ്കൂളിലെ ശൗചാലയത്തിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ് നടപടി. സംഭവത്തിൽ ഒരു വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർഥികൾക്കെതിരെ തലപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിദ്യാർഥികളെ പുറത്താക്കാനും സ്കൂളിൽ ജാഗ്രതാ സമിതി ശക്തമാക്കാനും തീരുമാനിച്ചത്. കുട്ടികൾക്ക് ആവശ്യമായ കൗൺസലിങ് നൽകുന്നതിനൊപ്പം രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. കൂടാതെ, സ്കൂളുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ പ്രാദേശിക പി.ടി.എ. ചേരാൻ നിർദേശം നൽകിയതായും അടുത്ത ദിവസംതന്നെ മദർ പി.ടി.എ. യോഗം വിളിച്ചുചേർക്കുമെന്നും അധികൃതർ വ്യക്തമാക്കി.





Leave a Reply