വിദ്യാർത്ഥികൾ ഫീസടച്ചില്ലെന്ന് പറഞ്ഞ് ജീവനക്കാരുടെ അവകാശങ്ങൾ നിരാകരിക്കാനാവില്ല : മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ: വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ജീവനക്കാരുടെ നിയമപരമായ അവകാശങ്ങൾ നിരാകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ലക്കിടിയിലെ ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർക്ക് നൽകേണ്ട മുഴുവൻ ശമ്പള കുടിശികയും രണ്ടു മാസത്തിനകം നിർബന്ധമായും വിതരണം ചെയ്യണമെന്നും ഉത്തരവിൽ പറഞ്ഞു. ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് പ്രിൻസിപ്പാളിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. നിർദ്ദേശം അനുസരിക്കാതിരുന്നാൽ നിയമനടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ഉത്തരവിൽ പറഞ്ഞു.
2020 മാർച്ച് 1 മുതൽ ഡിസംബർ 31 വരെയുള്ള ശമ്പളകുടിശിക ലഭിച്ചില്ലെന്നാരോപിച്ച് അധ്യാപിക സമർപ്പിച്ച പരാതിയിലാണ് നടപടി. ശമ്പളകുടിശിക നൽകാൻ സർവ്വകലാശാല സ്ഥാപനത്തിന് നിർദ്ദേശം നൽകിയിട്ടും അനുവദിച്ചില്ലെന്ന് പരാതിക്കാരി അറിയിച്ചു.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും വിദ്യാർത്ഥികൾ ഫീസടയ്ക്കാൻ കാലതാമസം വരുത്തുന്നതു കാരണമാണ് ശമ്പളകുടിശിക നൽകാൻ താമസമുണ്ടായതെന്നും പ്രിൻസിപ്പാൾ കമ്മീഷനെ അറിയിച്ചു. വിദ്യാർത്ഥികൾ ഫീസടയ്ക്കുന്ന മുറയ്ക്ക് കുടിശിക നൽകാൻ തയ്യാറാണെന്നും പ്രിൻസിപ്പാൾ അറിയിച്ചു. പ്രിൻസിപ്പാളിന്റെ നടപടി നീതീകരിക്കാൻ കഴിയാത്തതും നിയമപരമായ ബാധ്യതകളുടെ ലംഘനമാണെന്നും ഉത്തരവിൽ പറഞ്ഞു.





Leave a Reply