പ്രകൃതിയെ സംരക്ഷിക്കുന്നത് തൈകൾ നടുന്നതിൽ മാത്രമല്ല, അവ വളർത്തിയെടുക്കുമ്പോഴാണ് പൂർണ്ണമാകുന്നത്: ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത
മാനന്തവാടി: പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓരോ മനുഷ്യരും പ്രതിജ്ഞാബദ്ധമാണെന്നും പ്രകൃതിയോടുള്ള സ്നേഹം പരിസ്ഥിതി ദിനാചരണത്തിൽ മാത്രം ഒതുങ്ങിനിൽക്കരുതെന്നും ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. മുൻതലമുറ നട്ടുവളർത്തിയ വൃക്ഷങ്ങളുടെ തണലിലാണ് നാം ഇന്ന് ജീവിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മലങ്കര കാത്തലിക് അസോസിയേഷൻ (എം.സി.എ) സഭാതല സമിതിയുടെ നേതൃത്വത്തിൽ മാനന്തവാടി സെന്റ് തോമസ് ദേവാലയത്തിൽ സംഘടിപ്പിച്ച ഗ്ലോബൽ പരിസ്ഥിതി ദിനാചരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എം.സി.എ സഭാതല സമിതി ഗ്ലോബൽ പ്രസിഡന്റ് ബൈജു എസ്.ആറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിൽ മലങ്കര കാത്തലിക് അസോസിയേഷൻ നടത്തുന്ന സേവനപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എം.എൽ.എ പറഞ്ഞു. സഹജീവികളെ സ്നേഹിക്കുന്നതിന് തുല്യമാണ് ഒരു തൈ നട്ടുവളർത്തുന്നതിലൂടെ പ്രകടമാകുന്നത്. എം.സി.എ സഭാതല സമിതി ഇന്ത്യയൊട്ടാകെ നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതികൾ ഏറെ അഭിനന്ദനാർഹമാണെന്നും അവർ കൂട്ടിച്ചേർത്തു.
ചടങ്ങിന്റെ ഭാഗമായി തെരഞ്ഞെടുത്ത 100 നിർദ്ധന കുടുംബങ്ങൾക്ക് 500 ഹൈബ്രിഡ് തെങ്ങിൻ തൈകൾ വിതരണം ചെയ്തു. കൂടാതെ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും തെങ്ങിൻ തൈകൾ നൽകുകയും, സംഘടനയിലേക്ക് പുതുതായി കടന്നുവന്ന എം.സി.എ അംഗങ്ങൾക്ക് സ്വീകരണം നൽകുകയും ചെയ്തു. ചടങ്ങിൽ മാനന്തവാടി നഗരസഭ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, ബത്തേരി രൂപതാ സ്പിരിച്വൽ ഡയറക്ടർ ഫാ. ജെയിംസ് മലേപറമ്പിൽ, ഫാ. വർഗ്ഗീസ് മറ്റമന, ഫാ. തോമസ് തുണ്ടിയിൽ, സഭാതല വൈസ് പ്രസിഡന്റ് ഷാജി കൊയിലേരി, ബത്തേരി രൂപതാ പ്രസിഡന്റ് പ്രിൻസ് എബ്രഹാം, ലാലി ജോസ്, ചാക്കോ നരിമറ്റത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബി നീർക്കുഴി, മുൻസിപ്പൽ കൗൺസിലർ സബിത ഷെറി, മാനന്തവാടി മേഖല പ്രസിഡന്റ് ജോയിം തെങ്ങുംതോട്ടം, സൽജു ജോബ്, ഷിന്ദു ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply