‘വെള്ളമുണ്ട നിഴലും നിലാവും’ ചരിത്ര പുസ്തക പ്രകാശനം 10 ന്
വെള്ളമുണ്ട: അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന്റെയും കുടിയേറ്റത്തിന്റെയും വഴിയില്‍ വെള്ളമുണ്ടയുടെ നാള്‍വഴികളും ചരിത്രവും വിവരിക്കുന്ന, മാധ്യമപ്രവര്‍ത്തകന്‍ റഫീഫ് വെള്ളമുണ്ട എഴുതിയ ‘വെള്ളമുണ്ട നിഴലും നിലാവും’ എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂൺ 10 ന് (ബുധനാഴ്ച) രാവിലെ 10 മണിക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ വെച്ച് നടക്കും. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഒ. കെ. ജോണി, മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. സുരേഷ്ബാബുവിന് പുസ്തകം കൈമാറിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിക്കുന്നത്. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ഖമര്‍ലൈല അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മാനന്തവാടി എം. എല്‍. എ. ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും.
വെള്ളമുണ്ട ചാന്‍സിലേഴ്‌സ് ക്ലബ്ബാണ് വെള്ളമുണ്ടയുടെ ഈ ആദ്യ ചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചത്. 1950-ല്‍ തൊണ്ടര്‍നാട് പഞ്ചായത്തും വെള്ളമുണ്ട പഞ്ചായത്തും ചേര്‍ത്ത് ഒറ്റ പഞ്ചായത്തായി രൂപീകരിച്ചത് മുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ വലിയ പോരാട്ടം നടന്ന ദേശമാണ് വെള്ളമുണ്ട. ഈ നാടിന്റെ സ്ഥലനാമങ്ങള്‍ വന്ന വഴി, മുസ്ലിം-ക്രിസ്ത്യൻ കുടിയേറ്റം, സഖാവ് വര്‍ഗീസിന്റെ ജീവിതം, ആദ്യകാല ആരാധനാലയങ്ങള്‍, കോട്ടയം രാജഭരണകാലത്തെ ദേശവും ഭരണവും, ജനകീയ ഭരണം വന്നതുമുതലുള്ള ഭരണസമിതികളുടെ വിവരം തുടങ്ങി വെള്ളമുണ്ടയുടെ തുടക്കം മുതലുള്ള സമഗ്രമായ ചരിത്രമാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്.





Leave a Reply