കന്നാസുകളിൽ ഇന്ധനം നൽകണം; കേന്ദ്ര ഉത്തരവിനെതിരെ കർഷകസംഘം കൽപ്പറ്റ ഏരിയ സമ്മേളനം
വടുവഞ്ചാൽ: പെട്രോളും ഡീസലും കന്നാസുകളിൽ നൽകുന്നത് നിരോധിച്ച കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കർഷകസംഘം കൽപ്പറ്റ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാർഷികവൃത്തി ആരംഭിക്കുന്ന ഈ സമയത്ത് നെൽവയലുകൾ ഉഴുന്ന യന്ത്രങ്ങൾ, ജനറേറ്ററുകൾ, പമ്പ് സെറ്റുകൾ, പവർ ടില്ലറുകൾ, കുബോട്ട, ട്രാക്ടറുകൾ, കാടുവെട്ടുയന്ത്രങ്ങൾ തുടങ്ങിയവയ്ക്കെല്ലാം പെട്രോളും ഡീസലും നൽകാത്തത് കർഷകദ്രോഹമാണ്. ഇന്ധനമില്ലാത്തതിനാൽ ചെറുകിട കർഷകർ ഉപയോഗിക്കുന്ന കാപ്പി, നെല്ല് കുത്തുന്ന ഡീസൽ എൻജിനുകളും പ്രവർത്തിപ്പിക്കാനാകുന്നില്ല. ഇത്തരം ആവശ്യങ്ങൾക്കായി കർഷകർ പമ്പുകളിൽനിന്ന് കന്നാസുകളിലായിരുന്നു ഇന്ധനം വാങ്ങിയിരുന്നത്. കർഷക ദ്രോഹപരമായ ഈ ഉത്തരവിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
സി പി രാജീവൻ നഗറിൽ നടന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി വി ഹാരിസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജെയിൻ ആന്റണി പതാക ഉയർത്തി. സെക്രട്ടറി കെ അബ്ദുറഹ്മാൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ മുഹമ്മദ്കുട്ടി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി കെ ശിവരാമൻ, കോമളവല്ലി, ജെയിൻ ആന്റണി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. പി എം ഷംസുദ്ദീൻ, വി എം റഷീദ്, ഷീബ വേണുഗോപാൽ, ജോബിഷ് കുര്യൻ, എം ടി ഫിലിപ്പ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ജോളി സ്കറിയ സ്വാഗതവും ചെയർമാൻ കെ ശിവദാസൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ജെയിൻ ആന്റണി (പ്രസിഡന്റ്), പി എം ഷംസുദ്ദീൻ, ജോളി സ്കറിയ (വൈസ് പ്രസിഡന്റുമാർ), കെ അബ്ദുറഹ്മാൻ (സെക്രട്ടറി), വി എം റഷീദ്, പി പി ഹൈദ്രു (ജോയിന്റ് സെക്രട്ടറിമാർ), ജോബിഷ് കുര്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply