July 6, 2026

മെഡിക്കൽ കോളേജ്‌ അട്ടിമറിക്ക്‌ മന്ത്രിയും എംഎൽഎയും കുടപിടിക്കരുത്‌: സിപിഐഎം

0
IMG_20260706_170842
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്‌ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച്‌ മാനന്തവാടിയിൽനിന്ന്‌ മെഡിക്കൽ കോളേജ്‌ അട്ടിമറിക്കാൻ ആരോഗ്യ വകുപ്പ്‌ മന്ത്രി അടക്കമുള്ളവർ നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന്‌ സിപിഐ എം മാനന്തവാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. മാനന്തവാടി എംഎൽഎ ഉഷാ വിജയനും മന്ത്രി കെ മുരളീധരനും വിഷയങ്ങൾ പഠിച്ച്‌ ഇടപെടണം. അമ്പുകുത്തിയിലെ നിക്ഷിപ്‌ത വനഭൂമി മെഡിക്കൽ കോളേജിന്‌ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്‌. ഇത്‌ ഇല്ലാതാക്കരുത്‌.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ അന്നത്തെ മന്ത്രി ഒ ആർ കേളു ഇടപെട്ട്‌ ഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച്‌ കേന്ദ്ര–വനം പരിസ്ഥിതി മന്ത്രാലയത്തിന് പരിവേഷ്‌ പോർട്ടലിൽ അപേക്ഷ നൽകിയതാണ്‌. സംയുക്ത സർവേ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയാണ്‌ അപേക്ഷ നൽകിയത്‌. അന്നത്തെ മുഖ്യമന്ത്രിയും ആരോഗ്യം, വനം, പട്ടികവർഗ വകുപ്പ്‌ മന്ത്രിമാരും വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പ്രത്യേകം യോഗം ചേർന്ന്‌ തീരുമാനങ്ങൾ എടുത്താണ്‌ നടപടികൾ വേഗത്തിലാക്കിയത്‌. വനം വകുപ്പിന്‌ പകരം ഭ‍ൂമി വിട്ടുനൽകി. അപേക്ഷയിൻമേൽ പിന്നീട്‌ കേന്ദ്രം ചോദിച്ച സംശയങ്ങൾ ദുരീകരിച്ചും മറുപടി നൽകി. ഭ‍ൂമി അനുവദിച്ചുള്ള കേന്ദ്രത്തിന്റെ അനുമതി കാക്കുകയാണ്‌. മറ്റുതടസ്സങ്ങളൊന്നും നിലവിലില്ലാതിരിക്കെ അമ്പുകുത്തിയിലെ നിക്ഷിപ്‌ത വനഭൂമി, റിസർവ്‌ വനമാണെന്ന്‌ ആരോഗ്യ മന്ത്രിതന്നെ തെറ്റായി പ്രചരിപ്പിക്കുകയാണ്‌. കേന്ദ്രത്തെകൊണ്ട്‌ മറിച്ച്‌ തീരുമാനം എടുപ്പിക്കാനാണിത്‌. ആദ്യം നിയമസഭയിലും പിന്നീട്‌ സർക്കാർ പരിപാടിയിലും മാധ്യമങ്ങളോടും മന്ത്രി ഇത്‌ ആവർത്തിച്ചു. തിരുത്താൻ ഉഷാ വിജയൻ എംഎൽഎ തയ്യാറാകാത്തത്‌ ദുരൂഹമാണ്‌. മെഡിക്കൽ കോളേജ്‌ മാനന്തവാടിയിൽനിന്ന്‌ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക്‌ മന്ത്രിയും എംഎൽഎയും കുടപിടിക്കരുത്‌.

എൽഡിഎഫ്‌ സർക്കാർ മാനന്തവാടിയിൽ മെഡിക്കൽ കോളേജ്‌ അനുവദിച്ച്‌ ആശുപത്രി വികസനത്തിലും ചികിത്സ സംവിധാനങ്ങളിലും വലിയ മുന്നേറ്റം ഉണ്ടാക്കിയതാണ്‌. ഇതിന്റെ തുടർച്ചയാണ്‌ വേണ്ടത്‌. എംബിബിഎസ്‌ ക്ലാസ്‌ ആരംഭിച്ചും സ്ഥലമെടുപ്പിന്റെ നടപടികൾ ഉ‍ൗർജിതമാക്കിയും മുന്നേറുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ ഉഷാ വിജയനാണ്‌ അനാവശ്യ വിവാദത്തിന്‌ തുടക്കമിട്ടത്‌. ‘യുഡിഎഫ്‌ അധികാരത്തിൽ വന്നാൽ മാനന്തവാടിയിൽ മെഡിക്കൽ കോളേജ്‌ തുടരുമോ എന്നതിൽ ഉറപ്പ്‌ പറയാനാകില്ലെന്ന്‌’ ഉഷാ വിജയൻ പറഞ്ഞതോടെയാണ്‌ മാനന്തവാടിയിലെ മെഡിക്കൽ കോളേജിനെതിരെ പ്രവർത്തിക്കുന്നവർ നിലപാട്‌ ശക്തമാക്കിയത്‌. ഇവർക്ക്‌ ഉ‍ൗർജം പകരുന്നതായിരുന്നു ഉഷാ വിജയന്റെ നിലപാട്‌. ഇതാണിപ്പോൾ ആരോഗ്യമന്ത്രിയും ആവർത്തിക്കുന്നത്‌. നിയമസഭയിൽ എംഎൽഎ ഉന്നയിച്ച സബ്‌മിഷനും അതിനുള്ള മന്ത്രിയുടെ മറുപടിയും ആസൂത്രിതമാണ്‌. നിയമസഭയിൽ രാഷ്‌ട്രീയ പ്രസംഗം നടത്തി ഉള്ളത്‌ ഇല്ലാതാക്കാനും നാടിന്റെ നേട്ടം ഇല്ലാതാക്കാനും എംഎൽഎ ശ്രമിക്കരുത്‌. മെഡിക്കൽ കോളേജിന്റെ തുടർവികസനത്തിനായി സംസാരിക്കേണ്ട എംഎൽഎ, മരണം സ്ഥിരീകരിക്കാൻപോലും ഡോക്ടറില്ലെന്ന അബദ്ധജഡിലമായ സബ്‌മിഷനാണ്‌ ഉന്നയിച്ചത്‌. അടിസ്ഥാന കാര്യങ്ങൾപോലും മനസ്സിലാക്കെതയുള്ള ഇടപെടലും ദോഷമായി. പോരായ്‌മകളുണ്ടെങ്കിൽ അത്‌ പരിഹരിക്കലാണ്‌ എംഎൽഎയുടെ ഉത്തരവാദിത്വം.

അമ്പുകുത്തിയിലെ ഭൂമി വിട്ടുകിട്ടുന്നതിനുള്ള കാര്യക്ഷമമായ ഇടപെടൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകണം. മന്ത്രിയും എംഎൽയുംതന്നെ ഇതിന്‌ തുരങ്കം വയ്‌ക്കരുതെന്നും ഏരിയാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *