പള്ളിക്കൽ ഗവ. എൽ.പിയെ യു.പി സ്കൂളാക്കി ഉയർത്താൻ ഒത്തൊരുമയോടെ പ്രവർത്തിക്കും; പി.ടി.എ ജനറൽ ബോഡി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു
പള്ളിക്കൽ: ചരിത്രപ്രസിദ്ധമായ പള്ളിക്കൽ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള പി.ടി.എ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും പ്രൗഢഗംഭീരമായി നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പൊതുയോഗം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 129 വർഷങ്ങളായി പള്ളിക്കൽ മേഖലയിലെ സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാങ്ങളുടെയും അടിസ്ഥാന വിദ്യാഭ്യാസ ഉന്നമനത്തിന് ഈ വിദ്യാലയം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ യോഗം നന്ദിയോടെ സ്മരിച്ചു.
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും, സ്മാർട്ട് ക്ലാസ് റൂം നവീകരണത്തിനുമായി മുൻ പഞ്ചായത്ത് ഭരണസമിതി കാണിച്ച സമാനതകളില്ലാത്ത താല്പര്യത്തെയും ആത്മാർത്ഥമായ പിന്തുണയെയും യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും എഴുന്നേറ്റുനിന്ന് കൈയടിച്ച് അഭിനന്ദിച്ചു. സ്കൂളിന്റെ വരുംകാല വികസനങ്ങൾക്ക് നിലവിലെ ഭരണസമിതിയുടെ പൂർണ്ണ പിന്തുണയും പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ വാഗ്ദാനം ചെയ്തു.
ചടങ്ങിൽ മുൻ പി.ടി.എ പ്രസിഡന്റ് ഉനൈസ് അധ്യക്ഷത വഹിച്ചു. പതിനെട്ടാം വാർഡ് മെമ്പർ അർഷിദ ബാരിക്കൽ, രണ്ടാം വാർഡ് മെമ്പർ ഗോൾഡ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി അഷറഫ് കെ.ടി (പി.ടി.എ പ്രസിഡന്റ്), ഇബ്രാഹീം എം. (വൈസ് പ്രസിഡന്റ്), ഉമ്മു ഇർഫാന (മദർ പി.ടി.എ പ്രസിഡന്റ്), ജെറീന എം. (മദർ പി.ടി.എ വൈസ് പ്രസിഡന്റ്) എന്നിവരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. കാലങ്ങളായി ദേശവാസികൾ സ്വപ്നം പോലെ കൊണ്ടുനടക്കുന്ന പള്ളിക്കൽ സ്കൂളിന്റെ അപ്ഗ്രേഡേഷൻ (യു.പി സ്കൂളായി ഉയർത്തൽ) എന്ന യാഥാർത്ഥ്യത്തിന് വേണ്ടി ഒത്തൊരുമയോടെ മുന്നിട്ടിറങ്ങി പ്രവർത്തിക്കുമെന്ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.
മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് മന്ത്രിസഭ അപ്ഗ്രേഡ് ചെയ്ത സ്കൂളുകളുടെ കൂട്ടത്തിൽ പള്ളിക്കൽ സ്കൂളും ഉൾപ്പെട്ടിരുന്നു. എന്നാൽ അന്ന് പുതുതായി നിലവിൽ വന്ന എൽ.ഡി.എഫ് സർക്കാർ പ്രസ്തുത തീരുമാനങ്ങളെല്ലാം റദ്ദ് ചെയ്ത കൂട്ടത്തിൽ പള്ളിക്കൽ വിദ്യാലയത്തിന്റെ അപ്ഗ്രേഡേഷനും റദ്ദാക്കപ്പെടുകയായിരുന്നു. സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാർ നിലവിൽ വന്ന സാഹചര്യത്തിൽ ഈ സ്വപ്നലക്ഷ്യം ഉടൻ തന്നെ സാക്ഷാത്കരിക്കാൻ ആവശ്യമായ എല്ലാ നടപടികളുമായും ശക്തമായി മുന്നോട്ട് പോകുമെന്ന് കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപകൻ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply