കൊളഗപ്പാറയിൽ നിയമവിരുദ്ധമായി കുരിശുമല കയ്യേറി ക്വാറി റോഡ് നിർമ്മാണം; ജനങ്ങൾ തടഞ്ഞു, മെഷീനുകൾ മാറ്റിയില്ല
കൽപ്പറ്റ: വയനാടിന്റെ മധ്യഭാഗത്തെ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ കൊളഗപ്പാറ മലയുടെ മൂർദ്ധാവിൽ, തീർഥാടക പ്രാധാന്യമുള്ള കുരിശിന് അരികിൽ നിയമവിരുദ്ധമായി പട്ടയം സമ്പാദിച്ച സ്വകാര്യഭൂമിയിൽ ക്വാറി പ്രവർത്തിപ്പിക്കാനായി നടത്തിയ റോഡ് നിർമ്മാണം നാട്ടുകാർ സംഘടിച്ച് തടഞ്ഞു. കൃഷ്ണഗിരി വില്ലേജ് ഓഫീസിന് സമീപം സർക്കാർ റവന്യൂ ഭൂമി കയ്യേറിയാണ് റോഡ് നിർമ്മിച്ചത്. വില്ലേജ് ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് റോഡ് പണി തത്കാലം നിർത്തിവെച്ചെങ്കിലും നിർമ്മാണത്തിന് ഉപയോഗിച്ച എർത്ത് മൂവർ, ജാക്കി ഹാമർ എന്നിവ സ്ഥലത്തുനിന്ന് മാറ്റുകയോ സർക്കാർ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ല.
സമുദ്രനിരപ്പിൽ നിന്ന് 5000 അടി ഉയരത്തിൽ 50.6 ഹെക്ടർ വിസ്തീർണ്ണമുള്ള കൊളഗപ്പാറ മലയുടെ താഴ്വാരത്തുനിന്ന് കടുംകുത്തനെയുള്ള ചരിവിലൂടെയാണ് ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ യന്ത്രങ്ങൾ ഉപയോഗിച്ച് റോഡ് വെട്ടിയത്. കൂറ്റൻ പാറകൾ നിയമവിരുദ്ധമായി സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പൊട്ടിച്ച്, കരിങ്കൽ കഷണങ്ങൾ അരികുകളിൽ പാക്ക് ചെയ്താണ് സർക്കാർ ഭൂമിയിലൂടെ 600 മീറ്ററോളം റോഡ് നിർമ്മിച്ചത്. ക്വാറി സൈറ്റിലേക്ക് ഇനിയും 500 മീറ്റർ റോഡ് കൂടി നിർമ്മിക്കേണ്ടതുണ്ട്. മലഞ്ചരിവിലും മലമുകളിലുമായി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചിലർ വാങ്ങിയ 6 ഏക്കർ പട്ടയഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള, കുരിശിനോട് ചേർന്ന ഭൂമിയടക്കം മുക്കത്തെയും വയനാട്ടിലെയും ക്വാറി ഉടമകൾ ചേർന്ന രൂപീകരിച്ച ‘കൃഷ്ണഗിരി കൺസോളിഡേറ്റ്’ എന്ന കമ്പനി വൻവിലയ്ക്ക് വാങ്ങിയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ റോഡ് പണി ആരംഭിച്ചത്. എല്ലാവർഷവും ദുഃഖവെള്ളിയാഴ്ച ആയിരക്കണക്കിന് തീർത്ഥാടകർ മലകയറാൻ ഉപയോഗിക്കുന്ന വഴിയാണ് ക്വാറിക്ക് ആവശ്യമായ വീതി കൂട്ടാനായി റോഡാക്കി മാറ്റുന്നത്.
കൊളഗപ്പാറ മലയും അതിൽ നിന്നൊഴുകുന്ന അരുവികളും സമീപത്തെ ആയിരത്തിലധികം വരുന്ന ജനങ്ങൾക്കും 300 ഓളം ഏക്കർ നെൽവയലുകൾക്കും 500 ഏക്കറിലധികം വരുന്ന കാപ്പിത്തോട്ടങ്ങൾക്കും പ്രധാന ജലസ്രോതസ്സാണ്. മലഞ്ചരിവിൽ നടക്കുന്ന നിയമവിരുദ്ധ റോഡ് നിർമ്മാണവും പാറഖനന നീക്കവും അറിഞ്ഞ് വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് നാട്ടുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
റോഡ് നിർമ്മാണം പൂർണ്ണമായും നിർത്തിവെക്കുക, യന്ത്രങ്ങൾ പിടിച്ചെടുക്കുക, കയ്യേറ്റക്കാർക്കെതിരെ കേസ്സെടുത്ത് അറസ്റ്റ് ചെയ്യുക, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, വ്യാജ പട്ടയങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമിതി റവന്യൂ മന്ത്രിക്കും സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി. കൊളഗപ്പാറ മലയെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്നും ഡി.ഡി.എം.എ അധികാരം ഉപയോഗിച്ച് ക്വാറി നിരോധിക്കണമെന്നും പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികളായ എൻ. ബാദുഷ, ബാബു മൈലമ്പാടി, തോമസ് അമ്പലവയൽ, തച്ചമ്പത്ത് രാമകൃഷ്ണൻ, പി.എം. സുരേഷ്, എം. ഗംഗാധരൻ എന്നിവർ ആവശ്യപ്പെട്ടു.





Leave a Reply