ഉദയ വായനശാല രജത ജൂബിലി ആഘോഷ നിറവിൽ: 25 ഇന കർമപദ്ധതികൾ പ്രഖ്യാപിച്ചു

മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ കൊയിലേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉദയ വായനശാല സംസ്ഥാന ലൈബ്രറി കൗൺസിലിൽ അംഗത്വം ലഭിച്ചതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് രജത ജൂബിലി ആഘോഷ നിറവിൽ. ഇതിന്റെ ഭാഗമായി എട്ടുമാസം നീളുന്ന 25 ഇന കർമപദ്ധതികൾക്ക് വായനശാല രൂപം നൽകി. 1960-65 കാലഘട്ടത്തിൽ രൂപീകൃതമായ ഉദയ കലാസമിതി 1991-ൽ സൊസൈറ്റീസ് ആക്ട് പ്രകാരം ഉദയ വായനശാലയാവുകയും 2002-ൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗത്വം നേടുകയുമായിരുന്നു. മികച്ച സംഘടനയ്ക്കുള്ള നെഹ്റു യുവകേന്ദ്ര പുരസ്കാരം, ലൈബ്രറി കൗൺസിൽ അവാർഡ്, സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ജില്ലാ അവാർഡ്, മികച്ച പാലിയേറ്റീവ് ലൈബ്രറിക്കുള്ള പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ വായനശാല നേടിയിട്ടുണ്ട്. കൂടാതെ വയനാടിന്റെ ലോകകപ്പ് എന്നറിയപ്പെടുന്ന മാനന്തവാടി ഉദയ ഫുട്ബോൾ ടൂർണമെന്റിലൂടെ രണ്ട് പതിറ്റാണ്ടിലേറെയായി രോഗികൾക്കും നിരാലംബർക്കും സഹായമെത്തിക്കാനും വായനശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 21-ന് സംഘടിപ്പിക്കുന്ന മെഗാ നേത്രരോഗ മെഡിക്കൽ ക്യാമ്പ് മാനന്തവാടി എം.എൽ.എ. ഉഷ വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ രജത ജൂബിലി ലോഗോ മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യനും, ജൂബിലി കർമപദ്ധതി കലണ്ടർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീറും പ്രകാശനം ചെയ്യും. തുടർന്ന് 2027 ജനുവരിയിൽ നടത്തുന്ന ഗ്രാൻഡ് ജൂബിലി ഉദ്ഘാടനം, സാംസ്കാരിക ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ഗാനമേള, മെഗാ കാർഷിക സെമിനാർ, ഹൈബ്രിഡ് ഗംഗാ ബോണ്ടം തെങ്ങിൻതൈ വിതരണം, കേരള ഫോക്ലോർ അക്കാദമിയുടെ കലാവിരുന്ന്, ലഹരിക്കെതിരെ തൂഫാൻ കാമ്പയിൻ, കോർണർ വായനശാലകൾ, വയോജന സംഗമം, കവിയരങ്ങ്, പുസ്തകചർച്ച, ഉദയ ഫുട്ബോൾ, വടംവലി മത്സരങ്ങൾ, ആയുർവേദ-ജനറൽ മെഡിക്കൽ ക്യാമ്പുകൾ, രക്തദാന ക്യാമ്പ്, അവയവദാന സമ്മതപത്രം കൈമാറൽ, അക്ഷരം സാന്ത്വനം പാലിയേറ്റീവ് സഹായങ്ങൾ, ബാലവേദി കലാസന്ധ്യ, പുസ്തകപ്രദർശനം, മാഗസിൻ പ്രകാശനം, പഠനവിനോദയാത്ര, ടെലിഫിലിം നിർമാണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പരിപാടികളുടെ വിജയത്തിനായി കമ്മന മോഹനൻ ചെയർമാനായും ഷാജി തോമസ് ജനറൽ കൺവീനറായും 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം റിട്ട. എസ്.പി. പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. ലാജി ജോൺ, പ്രിൻ സി.സി., ബാബു ഫിലിപ്പ്, ജോസ് എം.എം., ഓമന കെ., ശാന്ത രവി, ഷിബു വാഴോലിൽ, ഐ.വി. ഔസപ്പ് എന്നിവർ സംസാരിച്ചു.




Leave a Reply