കരൾ പകുത്തുനൽകി ജീവൻ രക്ഷിക്കാൻ പുൽപ്പള്ളി സ്വദേശിയായ യുവാവ്; മാതൃകയായി 23-കാരൻ അഫ്സൽ
പുൽപ്പള്ളി: ഗുരുതരമായ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കരൾ പൂർണ്ണമായി തകരാറിലായ 45-കാരന് സ്വന്തം കരളിന്റെ ഒരു ഭാഗം പകുത്തുനൽകി പുതുജീവിതമേകാൻ തയ്യാറെടുത്ത് പുൽപ്പള്ളി സ്വദേശിയായ അഫ്സൽ പി.എൻ (23). കേളക്കവല പുറ മഠത്തിൽ നാസർ – മൈമുന ദമ്പതികളുടെ മകനാണ് അഫ്സൽ. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ഡോ. അഭിലാഷ് രാജിന്റെ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ ബന്ധുവിനാണ് അഫ്സൽ തുണയാകുന്നത്. രോഗിക്ക് അനുയോജ്യരായ ദാതാക്കളെ കണ്ടെത്താനാകാതെ കുടുംബം പ്രതിസന്ധിയിലായതോടെയാണ് അഫ്സൽ സ്വമേധയാ മുന്നോട്ടുവന്നത്. ചെറിയ പ്രായത്തിൽ ഇത്തരമൊരു തീരുമാനമെടുക്കുന്നതിൽ മാതാപിതാക്കൾക്ക് തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും, “മനുഷ്യന്റെ കാര്യമാണ്, നാളെ നമുക്കും ഇത് സംഭവിക്കാം; ഒരാളെ സഹായിക്കുന്നതല്ലേ ഏറ്റവും നല്ലത്” എന്ന അഫ്സലിന്റെ വാക്കുകൾ അവർക്ക് പ്രചോദനമായി. തുടർന്ന് മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയോടെ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ശസ്ത്രക്രിയയ്ക്കുള്ള നിയമപരമായ നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. 2026 നവംബർ അവസാനത്തോടെ മെഡിക്കൽ ബോർഡ് ചേർന്നതിനുശേഷം ശസ്ത്രക്രിയ നടത്താനാണ് നിലവിലെ തീരുമാനം. കോയമ്പത്തൂർ ഡാനിഷ് അഹമ്മദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബി.ടെക് ബിരുദം നേടിയ അഫ്സൽ ബാംഗ്ലൂർ ഹിറ്റ്‌വിൻ ഹെൽത്ത് കെയർ കമ്പനിയിൽ ബയോമെഡിക്കൽ എൻജിനീയറായി ജോലി ചെയ്തിട്ടുണ്ട്. സിവിൽ സർവീസ് പരീക്ഷകൾ എഴുതി ഫലം കാത്തിരിക്കുന്ന അഫ്സൽ നിലവിൽ പുൽപ്പള്ളി സ്റ്റുഡൻസ് എജ്യു വേൾഡിൽ സേവനം അനുഷ്ഠിക്കുകയാണ്. “ക്ഷണികമായ ഈ ലോകത്തിൽ മറ്റുള്ളവരെ സഹായിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ മനസ്സിലുണ്ടായിരുന്നു, ഇപ്പോൾ ഒരു അവസരം വന്നപ്പോൾ അത് പ്രയോജനപ്പെടുത്തുന്നുവെന്ന് മാത്രം” എന്നാണ് ഈ കാരുണ്യ പ്രവൃത്തിയെക്കുറിച്ച് അഫ്സലിന്റെ പ്രതികരണം. പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യത്വം കൈവിടരുതെന്ന് ഓർമ്മിപ്പിക്കുന്ന ഈ യുവാവിന്റെ വലിയ മാതൃകയ്ക്ക് നാടൊന്നാകെ ആശംസകൾ നേരുകയാണ്.




Leave a Reply