വിശ്വനാഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആദിവാസി കോണ്‍ഗ്രസ് ദേശീയ കോ ഓര്‍ഡിനേറ്റര്‍
കല്‍പ്പറ്റ: വയനാട് വെള്ളാരംകുന്ന് അഡ്ലൈഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥനെ(46)കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം ശിപാര്‍ശ ചെയ്യണമെന്ന് ആദിവാസി കോണ്‍ഗ്രസ് ദേശീയ കോ ഓര്‍ഡിനേറ്റര്‍ ഇ.എ.ശങ്കരന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിശ്വനാഥന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷണം നടത്തിയല്ല കോഴിക്കോട് ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
പ്രസവത്തിനു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ സഹായത്തിനെത്തിയ വിശ്വനാഥനെ 2023 ഫെബ്രുവരി 11നാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം നടത്തിയ വിചാരണയില്‍ മനംനൊന്താണ് വിശ്വനാഥന് ആത്മഹത്യ ചെയ്തതെന്നു കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു. മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷിച്ച കേസ് കുടുംബം ആവശ്യപ്പെട്ടതനുസരിച്ചാണ് ക്രൈംബ്രാഞ്ചിന് വിട്ടത്.
ആള്‍ക്കൂട്ട വിചാരണ നടന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍. ബാഹ്യ ഇടപെടല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാധീനിച്ചുവെന്ന് സംശയിക്കണം. മോഷ്ടാവായി ചിത്രീകരിച്ചതും ആള്‍ക്കൂട്ടം
വിചാരണ ചെയ്തതുമാണ് വിശ്വനാഥനെ മാനസികമായി തകര്‍ത്തതും ആത്മഹത്യക്കു പ്രേരിപ്പിച്ചതുമെന്നാണ് വീട്ടുകാര്‍ കരുതുന്നത്. കൃഷി ചെയ്തും കൂലിപ്പണിയെടുത്തും കുടുംബം പോറ്റിയിരുന്ന വിശ്വനാഥന് ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ പിതാവാകാന്‍ പോകുന്നതിലെ സന്തോഷത്തിലായിരുന്നു. എന്നിരിക്കെ ആത്മഹത്യ വ്യക്തിപരമായ കാരണങ്ങളാല്‍ ആണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ വിശ്വസനീയമല്ല. സത്യം പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം ഉതകുമെന്നും ശങ്കരന് പറഞ്ഞു.





Leave a Reply