May 5, 2026

രാഹുലിനായി വോട്ടഭ്യര്‍ഥിച്ചും, യുവന്യായ് പദ്ധതി പരിചയപ്പെടുത്തിയും വയനാട്ടില്‍ യു ഡി വൈ എഫ് ക്യാമ്പയിന്‍ തുടങ്ങി

0
Img 20240407 071358
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ‘യു ഡി വൈ എഫ് സ്ട്രീറ്റ് വിത്ത് രാഹുല്‍ഗാന്ധി’ ക്യാമ്പയിന് വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും തുടക്കമായി. മാനന്തവാടിയില്‍ യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായിലും, കല്‍പ്പറ്റയില്‍ നിയോജകമണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ ടി ഹംസയും, സുല്‍ത്താന്‍ബത്തേരിയില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

ലോകസഭ തെരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യര്‍ത്ഥിച്ചും, രാഹുല്‍ഗാന്ധിയും ഇന്ത്യ മുന്നണിയും രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന അഞ്ച് ന്യായ് പദ്ധതികളില്‍ യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കുന്ന യുവന്യായ് പദ്ധതിയെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു കൊണ്ട് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നടത്തുന്ന ‘വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കാം’എന്ന മുദ്രാവാക്യത്തില്‍ സ്ട്രീറ്റ് വിത്ത് രാഹുല്‍ കാമ്പയിന്‍ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും കച്ചവട സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് ലഘുലേഖ വിതരണം ചെയ്യുകയും ബോധ്യപ്പെടുത്തുകയും ചെയ്തു.

യുവജനങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനായി അയ്യായിരം കോടിയുടെ ഫണ്ട്, തൊഴില്‍ കലണ്ടര്‍ പ്രകാരം മുപ്പത് ലക്ഷം പുതിയ കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍, വിദ്യാഭ്യാസമുള്ള മുഴുവന്‍ യുവജനങ്ങള്‍ക്കും ഒരു മാസം എട്ടായിരത്തി അഞ്ഞൂറ് രൂപ നിരക്കില്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ തൊഴില്‍ പരിശീലനം, താല്‍ക്കാലിക ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും സാമൂഹിക സുരക്ഷയും ഉറപ്പാക്കും, ചോദ്യപേപ്പര്‍ ചോര്‍ച്ച അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരും തുടങ്ങിയവയാണ് യുവ ന്യായ് പദ്ധതിയില്‍ രാജ്യത്തോട് ഇന്ത്യ മുന്നണി ഉറപ്പുനല്‍കുന്നത്.

മോദിയെക്കാളും വലിയ രീതിയില്‍ രാഹുല്‍ വിരോധം വെച്ച് പുലര്‍ത്തുന്ന ഇടതുപക്ഷത്തിന് പാര്‍ലിമെന്റ് കാണാന്‍ പാസ് എടുക്കേണ്ട വിധമുള്ള തിരിച്ചടി ജനം നല്‍കുമെന്ന് മാനന്തവാടിയില്‍ പരിപാടി ഉദ്ഘാടനം ചെയ്ത പി ഇസ്മായില്‍ പറഞ്ഞു. പൗരത്വ പ്രക്ഷോഭകരുടെ പേരില്‍ കേസ് ചുമത്തിയവര്‍ ഏന്‍ ആര്‍ സിയുടെ പേരില്‍ വോട്ട് ചോദിക്കുന്ന ഇരട്ടത്താപ്പ് ജനകീയ കോടതി തിരിച്ചറിയും.

ദേശീയ പദവിയും ചിഹ്നവും വീണ്ടെടുക്കാനും നിലനിര്‍ത്താനും വേണ്ടിയാണ് സി പി ഐയും സി പി എമ്മും മത്സരിക്കുന്നതെങ്കില്‍ വിദ്വേഷ പ്രചാരകരില്‍ നിന്നും ഇന്ത്യയെ വീണ്ടെടുക്കാനാണ് രാഹുല്‍ ഗാന്ധിയുടെ പോരാട്ടമെന്നും വയനാട്ടില്‍ നടത്തുന്ന പ്രസംഗം ഇടത് നേതാക്കള്‍ക്ക് ഗൂഡല്ലൂരില്‍ നടത്താന്‍ പോലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടിയില്‍ യുഡിവൈഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു.

പരിപാടിക്ക് ജനറല്‍ കണ്‍വീനര്‍ അസീസ് വാളാട്, അനീഷ് ജേക്കബ്, ഷിഹാബ് മലബാര്‍, അജ്മല്‍ വെള്ളമുണ്ട, കുമാരി.എ.ബിജി, മനാഫ് ഉപ്പി, കബീര്‍ മാനന്തവാടി, അഭന്യ ബിജു, മുസ്തഫ പാണ്ടിക്കടവ്, സി.എച്ച്. സുഹൈര്‍, റോബിന്‍ ഇലവുങ്കല്‍, ഉനൈസ്ഒ.ടി, ഷംസിര്‍ അരണപ്പാറ, ജിജോ വരയാല്‍, നൗഫല്‍ വടകര, നൗഷാദ് തോല്‍പ്പെട്ടി, ജോബിന്‍ സെബാസ്റ്റ്യന്‍, ഇസ്ഹാഖ് അഞ്ചുകുന്ന്, രാജേഷ് ആറുവാള്‍, സിദ്ധിഖ് പിച്ചങ്ങോട്, അജല്‍ തോമസ്, സുഹൈല്‍ പി.കെ, ബിബിന്‍ ജോണ്‍സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കല്‍പ്പറ്റയില്‍ മണ്ഡലം യു ഡി എഫ് കണ്‍വീനര്‍ പി പി ആലി, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ്, നിയോജകമണ്ഡലം യുഡിവൈഎഫ് ചെയര്‍മാന്‍ സി ശിഹാബ്, കണ്‍വീനര്‍ ഡിന്റോ ജോസ്, യുഡിഎഫ് നേതാക്കളായ മുജീബ് കെ എം തൊടി, അലവി വടക്കേതില്‍, എന്‍ മുസ്തഫ, പി കെ അഷ്‌റഫ്, ഷാഫി പുല്‍പ്പാറ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹര്‍ഷല്‍ കോനാടന്‍, അസീസ് അമ്പിലേരി, നൗഫല്‍ കല്‍പ്പറ്റ, മുഹമ്മദ് ഫെബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സുല്‍ത്താന്‍ബത്തേരിയില്‍ ടി മുഹമ്മദ്, ഡി പി രാജശേഖരന്‍, അമല്‍ജോയി ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും യുഡി വൈ എഫ് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്ട്രീറ്റ് വിത്ത് രാഹുല്‍ ഗാന്ധി എന്ന ക്യാമ്പയിന്‍ നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *