വേനൽ കടുത്തു: ജലക്ഷാമം പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമത്തിൽ നാട്ടുകാർ
നടവയൽ: വേനൽ ശക്തമാകുകയും, ജലക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെ, ജല ക്ഷാമത്തിന് തത്കാലിക പരിഹാരം കണ്ടെത്തുവാനുള്ള ഊർജ്ജിത ശ്രമത്തിലാണ് പ്രദേശവാസികൾ. ശക്തമായ വേനലിലെ ജലക്ഷാമം പരിഹരിക്കാൻ പുഴകളിലും തോടുകളിലും നാട്ടുകാരുടെ നേതൃത്വത്തിൽ തടയണകൾ കെട്ടി ഒഴുക്ക് വെള്ളം തടയുകയാണ്.
കാലങ്ങളായി തകർന്നടിഞ്ഞു കിടക്കുന്നതും പലക നഷ്ടപ്പെട്ടതുമായ തടയണകളാണ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശവാസികളായ നാട്ടുകാരും ശുദ്ധജലവിതരണ പദ്ധതി നടത്തിപ്പുകാരും ചേർന്ന് പുനർസജ്ജമാക്കുന്നത്. ചാക്കിൽ മണൽ നിറച്ച് അവ അടുക്കി വച്ചാണ് തകർന്ന് കിടക്കുന്ന തടയണകൾ പുനർ നിർമിച്ച്, ഒഴുക്ക് വെള്ളം താത്കാലികമായി തടഞ്ഞു നിർത്തുന്നത്. തോടുകളിലും പുഴകളിലും വെള്ളം തടഞ്ഞു നിർത്തുന്നതിനെ തുടർന്ന് പമ്പ് ഹൗസുകളുടെ കിണറുകളിൽ വെള്ളമെത്തി തുടങ്ങി. അത് കൊണ്ട് തന്നെ ആഴ്ചകളായി പ്രവർത്തിക്കാതെയിരുന്ന മിക്ക പമ്പ് ഹൗസുകളും വീണ്ടും പ്രവർത്തിച്ചു തുടങ്ങി.
പുഴകളിലെയും, തോടുകളിലെയും, ഒഴുക്ക് വെള്ളത്തിന് കുറുകെ താത്കാലിക തടയണകൾ നിർമിച്ചതോടെ പുഴയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ കിണറുകളിലും വെള്ളമെത്തി തുടങ്ങി. വേനൽ ശക്തമാകുമെന്നും, വരൾച്ചയുണ്ടാകുമെന്നുമുള്ള സൂചനകൾ കിട്ടിയപ്പോൾ തന്നെ ഇത്തരം പ്രവർത്തികൾ നടത്തിയിരുന്നങ്കിൽ പമ്പിങ് മുടങ്ങില്ലായിരുന്നുവെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിലെ വനലിൽ ശുദ്ധജല വിതരണം കാര്യക്ഷാമമാക്കുന്നതിനുള്ള നടപടികൾ നേരത്തെ ആരംഭിക്കണമെന്നും നാട്ടുകാർ പറഞ്ഞു.





Leave a Reply