March 25, 2023

മനുഷ്യ വന്യജീവി സംഘർഷം: മന്ത്രിയുടെ യോഗം പ്രഹസനമാണെന്ന് വയനാട് പ്രകൃതി സംരംക്ഷണ സമിതി

IMG-20221007-WA00372.jpg
കൽപ്പറ്റ : അത്യന്തം സ്ഫോടകാത്മകവും സംഘർഷഭരിതവുമായ അന്തരീക്ഷം നിലനിലനിൽക്കുന്ന വയനാട്ടിലെ വന്യജീവി മനുഷ്യ സംഘർഷവുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ വനംമന്ത്രി വിളിച്ചു ചേർത്ത അഖിലകക്ഷി യോഗം കർഷകരെ വഞ്ചിക്കുന്നതും പ്രഹസനവും ഫലശൂന്യമാണ്.  യോഗം വിളിച്ച മന്ത്രിക്കോ ജില്ലാഭരണകൂടത്തിനോ പങ്കെടുത്ത ഉന്നത വനംഉദ്യോഗസ്ഥനോ രാഷ്ട്രീയ പ്രതിനിധികൾക്കോ വയനാട്ടിലെ യഥാർഥ പ്രശ്നത്തെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് യോഗ നടപടികളും തീരുമാനങ്ങളും വ്യക്തമാക്കുന്നുണ്ട്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പതിവു പൊറാട്ടു നടകമാണ് അവിടെ അരങ്ങേറിയത്. രാഷ്ട്രിയ  പ്രതിനിധികൾ പോലും പശ്നം ഉന്നയിക്കുന്നതിനോ യുക്തിയുക്തമായ പരിഹാരം നിദ്ദേശിക്കുന്നതിനോ തയ്യാറാകാത്തത് അത്ഭുതാവഹമാണ്.
 പതിറ്റാണ്ടുകളായി വയനാടൻ ഗ്രാമങ്ങളെ സംഘർഷത്തിന്റെ മുൾമുനയിൽ നിർത്തുന്ന, കോടികളുടെ വിളനാശവും മനുഷ്യരുടെയും വന്യജീവികളുടെയും ജീവനാശവും നിരന്തരം ഉണ്ടാക്കുന്ന ജീവന്മരണ പ്രശ്നത്തെ ഉന്നത വനം ഉദ്യോഗസ്ഥരോ രാഷ്ട്രീയ നേതാക്കളോ ജനപ്രതിനിധികളാ ഒട്ടും ഗൗരവത്തിൽ എടുത്തിട്ടില്ലെന്നത് ഖേദകരമായ സത്യമാണ്. മനുഷ്യർക്ക് ജീവഹാനിയോ സംഘർഷമോ ഉണ്ടാകുന്നിടത്ത് ഓടിയെത്തി ജനക്കൂട്ടത്തിന്റെ നേതൃത്വമേറ്റെടുത്ത് വനം ഉദ്യോഗസ്ഥരെ ബന്ധികളാക്കിയും പുലഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും വീര്യം പ്രകടിപ്പിച്ച് സ്ഥലം വിടലാണ് രാഷ്ട്രീയ നേതാക്കളുടെ സ്ഥിരം പരിപാടി. ഭരണം കൈയാളുന്ന പാർട്ടിയുടെ ജില്ലാ ഭാരവാഹികൾ വരെ ഇതിൽ മുൻപന്തിയിലുണ്ട്.
  കേരളത്തിന്റെ തെക്കെയറ്റം മുതൽ വടക്കെയറ്റം വരെയുള്ള മലയോര മേഖലയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി അനുദിനം വർദ്ധിച്ചുവരുന്ന മനുഷ്യ – വന്യജീവി സംഘർഷത്തിന്റെ പൂർണ്ണ ഉത്തരവാദികൾ കേരളം മാറി മാറി ഭരിച്ച സർക്കാറുകളും സർക്കാറുകൾക്ക് നേതൃത്വം കൊടുത്ത പാർട്ടികളും ഉന്നത വനം ഉദ്യോഗസ്ഥരും മാത്രമാണ്.                 മനുഷ്യ – വന്യജീവി സംഘർഷത്തിന്റെ നാരായ വേര് കണ്ടെത്തി ശാശ്വതവും ഫലപ്രദവുമായ പരിഹാരം കാണാൻ ആവശ്യമായ ഫണ്ട് വകയിരുത്താൻ ബാദ്ധ്യതപ്പെട്ടവർ പൊട്ടൻ കളിക്കുകയാണ്. പ്രശ്നം ശാസ്ത്രീയമായി പഠിച്ച് പരിഹാരം നിർദ്ദേശിച്ച് നടപ്പിലാക്കാൻ അധികാരമുള്ള വിദഗ്ദ സമിതിയെ നിയമിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തിടത്തോളം ഇന്നത്തെ ദുരവസ്ഥ തുടരുക തന്നെ ചെയ്യും.           
 ഗ്രാമപഞ്ചായത്തുകളെ വനം-വന്യജീവി സംരക്ഷണത്തിൽ മുഖ്യ പങ്കാളികളും ഉത്തരവാദികളും ആക്കാൻ വനം വകുപ്പ് തയ്യാറാകാത്തതെന്താണ് ? അതിനായി പ്ളാൻ ഫണ്ടിൽ മതിയായ തുക വിലയിരുത്തുകയും നിയമനിർമ്മാണം നടത്തുകയും വേണം. കാട്ടിനുള്ളിൽ നാശം വിതച്ച് യഥേഷ്ടം വിഹരിക്കുന്ന തൊഴിലുറപ്പുപദ്ധതിയെ അധിനിവേശസസസ്സ്യങ്ങൾ പിഴുതുമാറ്റുന്നതിലും വന്യജീവി പ്രതിരോധത്തിനും മാത്രമായി പരിമിതപ്പെടുത്തണം.
  കാർഷിക വിളകൾക്കുണ്ടാകുന്ന നാശത്തിന് കൊടുക്കുന്ന നഷ്ടപരിഹാരം കർഷകരെ അപഹസിക്കും വിധം തുച്ഛമാണ്. 10 സെന്റ് പച്ചക്കറി നശിച്ചാൽ 161 രൂപയും കായ്ക്കുന്ന തെങ്ങിന് 700 രൂപയുമാണ് ഇപ്പോൾ നൽകുന്നത്. ഈ തുക വനം ഉദ്യോഗസ്ഥരല്ലാ നമ്മുടെ ജനപ്രതിനിധികളും രാഷ്ട്രീയപ്പാർട്ടികളും ചേർന്ന സർക്കാർ നിശ്ചയിച്ചതാണെന്നതാണ് ഏറെ ലജ്ജാകരം. ഒരു ഹെക്ടർ നെൽകൃഷിക്ക് 80000 രൂപ മുതൽമുടക്കു വരുമ്പോൾ ജനങ്ങളുടെ സ്വന്തം സർക്കാർ നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത് 11000 രൂപയാണ്. 2016 ൽ കൃഷി വകുപ്പിന്റെ ശുപാർശ പ്രകാരം സംസ്ഥാന സർക്കാർ കനിഞ്ഞനുഗ്രഹിച്ചതാണീ തുക .ഇത് പത്തിരട്ടിയിൽ അധികമാക്കാൻ മന്ത്രി തയ്യാറാകാത്തതെന്തെന്ന് വ്യക്തമാക്കണം. വന്യജീവികളാൽ ഒരു മനുഷ്യൻ മരണപ്പെട്ടാൽ നൽകുന്ന സഹായ ധനം 10 ലക്ഷം രൂപ. ഇത് 50 ലക്ഷം രൂപയെങ്കിലുമാക്കി വർദ്ധിപ്പിക്കാൻ ജനകീയ സർക്കാറുകൾക്ക് മടിയാണ്. വയനാട്ടിൽ കഴിഞ്ഞ ഒന്നര വർഷമായി നഷ്ടപരിഹാരത്തുകകൾ നൽകാതെ അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്ന് വനം മന്ത്രിക്കും സർവ്വകക്ഷിക്കാർക്കും ഒഴികെ ഏവർക്കും അറിയാവുന്നതാണ. നാല് വർഷം മുൻപ് റീബിൽഡ് കേരളയിൽ അനുവദിച്ച 30 കോടി രൂപ ഇനിയും ചില വഴിക്കാതെ കെട്ടിക്കിടക്കുകയാണ്.
    വയനാട്ടിൽ നോഡൽ ഓഫീസറല്ല, പ്രശ്നപരിഹാരത്തിനുള്ള സത്വര നടപടികളും ആവശ്യമായ ഫണ്ടുമാണ് ഉടൻ ഉണ്ടാകേണ്ടത്. ജനകീയ ഭരണത്തിൽ അത് മന്ത്രിയുടെ ബാധ്യതയാണ്.                                            
  സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷൻ. തോമസ്സ് അമ്പലവയൽ , എ.വി. മനോജ്, സി.എ. ഗോപാലകൃഷ്ണൻ , ബാബു മൈലമ്പാടി, സണ്ണി മരക്കടവ് പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *