February 5, 2023

ഇന്ന് ലോക മണ്ണ് ദിനം:മണ്ണ് നമ്മുടെ നില നിലനിൽപ്പിൻ്റെ ഉറവിടം

IMG-20221205-WA00142.jpg

•റിപ്പോർട്ട്‌ :സി.ഡി.സുനീഷ്•
കൽപ്പറ്റ : ഇന്ന് ഡിസംബർ അഞ്ച്  ലോക മണ്ണ് ദിനം. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോക മണ്ണ് ദിനം എല്ലാ വർഷവും ആഘോഷിക്കുന്നു.. 2002 മുതലാണ് ലോക മണ്ണ് ദിനം ആഘോഷിച്ചുവരുന്നത്. ഈ വർഷത്തെ മണ്ണ് ദിന സന്ദേശം “അന്നത്തിന്റെ തുടക്കം മണ്ണിൽ നിന്നും ” എന്നതാണ്.” മണ്ണൊലിപ്പ് നിർത്തുക, നമ്മുടെ ഭാവി സംരക്ഷിക്കുക” എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. മണ്ണിന്റെ പരിപാലനത്തിൽ വർദ്ധിച്ചുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ച് ആരോഗ്യകരമായ ആവാസവ്യവസ്ഥയും ജീവജാലങ്ങളുടെ ക്ഷേമവും നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ ദിനം ഉദ്ദേശിക്കുന്നു.
തായ്ലാൻഡിലെ രാജകൊട്ടാരത്തിന്റെ മട്ടുപ്പാവിൽനിന്ന് വയലിലെ ചേറിലേക്കിറങ്ങിയ, അന്നപൂർണേശ്വരിയുടെ ആധാരത്തെ അതിരറ്റ് സ്നേഹിച്ച, മണ്ണിനെ അത്രയധികം ഇഷ്ടപ്പെട്ട് അതിന്റെ പ്രാധാന്യം ലോകത്തിനോട് വിളിച്ചുപറഞ്ഞുകൊണ്ട് ജീവിച്ച ഒരു രാജാവുണ്ടായിരുന്നു. തായ്ലൻഡിലെ ഭൂമിബോൽ അതുല്യതേജ് തന്റെ സ്വന്തംപേരുപോലെത്തന്നെ മണ്ണിനെ, ഭൂമിയെ സ്നേഹിച്ച് മരിച്ചയാൾ.
ലോകത്തിലെ മൊത്തം ജീവിവർഗങ്ങൾക്കും അതിപ്രധാനവും പ്രത്യേകതയും ഉള്ള ദിവസമാണ് ഇന്ന്. തങ്ങളുടെ ആവിർഭാവത്തിനും നിലനിൽപ്പിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമായൊരു വസ്തുവിന്റെ ദിനമാണിന്ന്. ആയതുകൊണ്ടുതന്നെ അതിന്റെ ദിനം ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്. അതുകൊണ്ടുതന്നെയാണ് ഡിസംബർ അഞ്ച് ലോക മണ്ണുദിനമായി ഐക്യരാഷ്ട്രസംഘടന ആചരിച്ചുവരുന്നതും. അതുല്യതേജിന്റെ ജന്മദിനമാണ് ലോകസംഘടന ലോകമണ്ണുവർഷമായി ആഘോഷിക്കാൻ തിരഞ്ഞെടുത്തത് എന്നത് ഔചിത്യദീക്ഷ പുലർത്തുന്ന തീരുമാനമായി. മണ്ണിനെക്കുറിച്ച് അറിയേണ്ടതെന്ത്.
*മണ്ണ് ഒരു ഉത്പന്ന വസ്തു*
ജീവികൾക്ക് ആവശ്യമില്ലാത്തതെല്ലാം തന്നിലേക്ക് എടുക്കുകയും അവർക്ക് ആവശ്യമുള്ളതെല്ലാം തരികയും ചെയ്യുന്ന അത്യപൂർവ സൃഷ്ടിയാണ് മണ്ണ്. ലോകത്ത് മനുഷ്യന്റെ ആവിർഭാവത്തിന് ശേഷമാണ് മണ്ണ് ദുഷിക്കാൻ തുടങ്ങിയതെന്ന് പറഞ്ഞാൽ ഒരു പക്ഷേ അതിശയോക്തിയാകില്ല. നല്ല ജൈവ സമ്പുഷ്ടിയുള്ള മണ്ണ് നല്ല വിഘടന മാധ്യമവുമാണ്. തന്നിലേക്ക് ചേരുന്നതിനെയെന്തിനെയും വലിച്ചെടുത്ത് തന്റെഭാഗമാക്കാൻ മണ്ണിന് കഴിവുണ്ട്. മേൽമണ്ണിലാണ് ഹ്യൂമാസ് എന്ന സസ്യ ജൈവാവശിഷ്ടങ്ങൾ വിഘടിച്ചുള്ള ഫലഭൂയിയിഷ്ഠത നിലനിൽക്കുന്നത്. സൂക്ഷ്മജീവികളുടെ ഒരു ലോകമാണത്. ഇതിൽ കണ്ടെത്തിയതനുസരിച്ച് ഏകദേശം മൂന്നുലക്ഷത്തിൽ പരം ജീവിവർഗങ്ങൾ മേൽമണ്ണിനെ ആശ്രയിച്ച് കഴിയുന്നുണ്ട് 10 ഗ്രാം മേൽമണ്ണിൽ കുറഞ്ഞത് 1200 ഓളം സ്പീഷിസ് ജീവാണുക്കൾ കണ്ടേക്കാമെന്നാണ് മണ്ണിനെക്കുറിച്ചുള്ള ഒരു പഠനം തെളിയിക്കുന്നത്. മനുഷ്യന്റെ ഇടപെടലില്ലാത്ത കാട്ടിലെ മണ്ണിനെയാണ് ഇവർ പഠനവിധേയമാക്കിയത്.
കാട്ടിലെ മരങ്ങളുടെ ചുവട്ടിൽക്കാണപ്പെടുന്ന മണ്ണ് പ്രകൃതിതന്നെ ഒരുക്കിയിട്ടുള്ളതാണ്. പ്രകൃതിയുടെ കലപ്പയെന്നറിയപ്പെടുന്ന മണ്ണിരയാണ് ഇവിടെ സൂക്ഷ്മജിവികൾക്ക് വളരാനും അവയുടെ വളർച്ചയിലൂടെ മണ്ണിന്റെ സ്വാഭാവിക ഘടനനിലനിർത്താനും സഹായിക്കുന്നത്. ഉപരിതലത്തിൽനിന്ന് 10 മുതൽ 15 വരെ സെന്റിമീറ്റർ താഴ്ചയിലുള്ള മണ്ണാണ് മേൽമണ്ണായി അറിയപ്പെടുന്നത്. ഇതിലാണ് ഭൂമിയിൽ നിലനിൽക്കുന്തും ജീവികൾ ഉപയോഗിച്ചുവരുന്നതുമായ എല്ലാ ഉത്പന്നങ്ങളും ഉരുവാകുന്നത്.
*മണ്ണിന്റെ ആരോഗ്യം*
മണ്ണും ജലവും ജീവജാലങ്ങളും തമ്മിലുള്ള ബന്ധവും ഒന്ന് മറ്റൊന്നിന് താങ്ങാവുന്നകാര്യവും പണ്ടുമുതലേ നമ്മുടെ കാർഷിക സംസ്കൃതിയിൽ പറഞ്ഞിട്ടുള്ളതാണ്. ശരിക്കും ആരോഗ്യം നിറഞ്ഞമണ്ണിൽ അടിസ്ഥാനമായി ഉണ്ടാവേണ്ട ജൈവികവസ്തുക്കൾ ഇത്തരത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. 50 ശതമാനം ഫംഗസുകൾ, 20 ശതമാനം ബാക്ടീരിയകൾ, 20 ശതമാനത്തോളം ഈസ്റ്റ്, ആൽഗകൾ, പ്രോട്ടോസോവ മുതലായവകൾ, 10 ശതമാനം മണ്ണിര മറ്റ് സൂക്ഷ്മജീവികൾ എന്നിവ. ഒരു ഹെക്ടർ ആരോഗ്യമുള്ള ഭൂമിയിലെ മണ്ണിൽ രണ്ട്  മുതൽ 5 ടൺവരെ പ്രാണികൾ ഉള്ളതായും 5 ടൺ വരെ മണ്ണിര വേണ്ടതായും അരടണ്ണോളം സൂക്ഷ്മജീവികൾ ഉള്ളതായും കണക്കാക്കപ്പെട്ടിരിക്കുന്നു. കാട്ടിലെ ശുദ്ധമായ മണ്ണിൽ നിമാറ്റോഡ്സ് 12 കോടിയോളം ഒരു ചതുരശ്രമീറ്റർ സഥലത്ത് കാണപ്പെടും എന്നുപറഞ്ഞാൽത്തന്നെ എത്രയധികം ജീവിസമ്പന്നമാണ് സ്വാഭാവികമണ്ണ് എന്ന് നമുക്ക് മനസ്സിലാക്കാം.
കൂടാതെ എട്ടുകാലിയിനങ്ങൾ ഒരു ലക്ഷത്തോളം, കാൽലക്ഷത്തോളം വിരകൾ സ്രിങ്ലൈറ്റ് പ്രാണികൾ അര ലക്ഷത്തോളം ഷെൽജീവികളായ മുളുക്കസ് പതിനായിത്തോളം എന്നിങ്ങനെയും കോടിക്കണക്കിന് സൂഷ്മാണുക്കളും ഉൾക്കൊള്ളുന്നതാണ് അത്രയും മണ്ണ്. മുകളിൽപ്പറഞ്ഞ ചെറുജീവികളെല്ലാം മണ്ണിനെ പാകപ്പെടുത്താൽ ഉള്ളവയാണ് അതുകൊണ്ടുതന്നെയാണ് സ്വാഭാവികമണ്ണ് രൂപപ്പെട്ടുവരാൻ നൂറുകണക്കിന് വർഷങ്ങളെടുക്കുന്നതും അത് കൃത്രിമമായി ലാബുകളിൽ നിർമ്മിച്ചെടുക്കാൻ സാധിക്കാത്തതും.
*കാർബണിന്റെയും ജലത്തിന്റെയും സംഭരണി*
മണ്ണ് വലിയൊരു ജലസംഭരണിയാണ് തന്റെ വ്യാപ്തത്തിന്റെ മൂന്നിരട്ടി വെള്ളം ശേഖരിച്ചുവെക്കാൻ മണ്ണിന് കഴിയുന്നു ഇങ്ങനെ ശേഖരിച്ചുവെക്കുന്ന ജലമാണ് മണ്ണിൽ സൂക്ഷ്മജീവികളുടെ വരധനവിനും മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്കും കാരണമാകുന്നത്.
അന്തരീക്ഷത്തിൽ അധികമുള്ള കാർബണിനെവലിച്ചെടുത്ത് തന്നിലടക്കാൻ മണ്ണ് കാണിക്കുന്ന കഴിവ് ചില്ലറയല്ല. അന്തരീക്ഷസസ്യജാലങ്ങൾ വലിച്ചെടുക്കുന്നതിന്റെ ഏകദേശം ആറിരട്ടിയാണ് മണ്ണ് തന്റെയുള്ളിലേക്ക് വലിച്ചെടുക്കുന്നത്.
*മണ്ണിനെ നശിപ്പിക്കുന്നത്*
പ്രാകൃതികമായ അവസ്ഥകളും മാനുഷികമായ ചെയ്തികളാണ് മണ്ണിന്റെ അന്തകനായിക്കൊണ്ടിരിക്കുന്നത്. 2003-ൽ മണ്ണിന്റെ പ്രാധാന്യം മനസ്സിലാക്കി ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ശാസ്ത്രജ്ഞർ ഒപ്പിട്ട ഒരു താക്കീത് അന്താരാഷ്ട്ര സംഘടനയ്ക്ക് കൊടുത്തിരുന്നു. 2016 ആകുമ്പോഴേക്കും താക്കീതിൽ ഒപ്പിട്ട ശാസ്ത്രജ്ഞരുടെ എണ്ണം ലക്ഷം കവിഞ്ഞു. മണ്ണിന്റെ പ്രാധാന്യവും മണ്ണ് നശിച്ചുകൊണ്ടിരിക്കുന്നതിന്റെ തോതും നിരീക്ഷിച്ച് തയ്യാറാക്കിയ ഗവേഷണഫലങ്ങളുടെ റിപ്പോർട്ടിനൊപ്പമായിരുന്നു അത് കൈമാറിയത് അതിൽ മണ്ണിനെ നശിപ്പിക്കുന്ന ഘടകങ്ങളുടെ കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്.
*രാസകൃഷി, കീടനാശിനി, കളനാശിനികൾ*
പല വികസിതരാജ്യങ്ങളും തങ്ങളുടെ ഭക്ഷ്യാവശ്യങ്ങളക്കുള്ള ആഹാരസാധനങ്ങൾ ഉത്പാദിപ്പിക്കുന്നത് ഇപ്പോൾ ജൈവകൃഷിയിലൂടെയാണ്. ഉയർന്ന ഉത്പാദനത്തോതും ഉയർന്ന വിള തോതും ഉറപ്പുനൽകുന്ന രാസകൃഷിയെ പലരും ഉപേപക്ഷിച്ചമട്ടാണ്. കാരണം രാസകൃഷിയിൽ ഉപയോഗിക്കപ്പെടുന്ന യൂറിയപോലുള്ള രാസവളങ്ങളും രാസകീടനാശിനികളും കളനാശിനികളും മണ്ണിലെ സൂക്ഷ്മജീവികളെ നാമാവശേഷമാക്കുകയും മണ്ണിന്റെ ജൈവികത ഇല്ലാതാക്കുകയും അതിന്റെ സ്ഥിരമായ ഉപയോഗം മണ്ണിൽ നട്ടാൽ ഒന്നും കരുക്കാത്തരീതിയിലാക്കുകയും ചെയ്യുന്നു.
*മണ്ണൊലിപ്പ്*
മണ്ണൊലിപ്പാണ് മേൽമണ്ണിന്റെ മറ്റൊരു ശത്രു ചരിഞ്ഞ ഭൂപ്രകൃതിയുള്ളകേരളത്തിൽ നിന്നുമാത്രം പ്രതിവർഷം ഹെക്ടറിന് ആറു ടണ്ണോളം മണ്ണാണ് ഒഴുകിപ്പോകുന്നതെന്നത് മനസ്സിലാക്കിയാൽ മണ്ണൊലിപ്പിന്റെ രൂഷത നമുക്ക് മനസ്സിലാക്കാം. മഴപതുക്കെ വിട്ടൊഴിയുമ്പോഴേക്കും ഭാരതപ്പുഴയുടെ വിരിമാറിൽ മണൽക്കുനകൾ ഉയരുന്നത് ഇരുകരകളിൽനിന്നും കുത്തിയൊലിച്ചുവരുന്നമണ്ണാണ്.
*പ്രതിവിധി*
മരങ്ങൾ നട്ടുപിടിപ്പിക്കുക, പരമാവധിവെള്ളം ഭൂമിയിൽ താഴാൻ അനുവദിക്കുക, കയർഭൂവസ്ത്രം വിരിക്കുക, തികച്ചുംജൈവകൃഷിമാത്രം അനുവർത്തിക്കുക, മാരക കീട, കളനിശികൾ മണ്ണിൽ പ്രയോഗിക്കാതിരിക്കുക, ജൈവമാലിന്യങ്ങളെ മണ്ണിൽ അലിഞ്ഞു ചേരാൻ അനുവദിക്കുക എന്നിവയെല്ലാമാണ് നാം അനുവർത്തിക്കേണ്ട പരിഹാരമാർഗങ്ങൾ ഇല്ലെങ്കിൽ മണ്ണെന്നുപറയുന്ന അമൂല്യമായ സമ്പത്ത് നശിച്ച് നാം അന്നത്തിന് വേറെ വഴി തിരയേണ്ടി വരും.
അവലംബം.
ഐക്യരാഷ്ട്ര സഭ പഠനങ്ങൾ
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *