ജില്ലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണുക: എ.കെ.എസ്.ടി.യു
കൽപ്പറ്റ : സ്കൂളുകൾ തുറന്ന് ഒരു മാസം കഴിയുമ്പോഴും ജില്ലയിൽ നാഥനില്ലാതെ വിദ്യാഭാസ വകുപ്പ്. ഡി.ഡി.ഇ. ഓഫീസിൽ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സീനിയർ സൂപ്രണ്ട്, നൂൺ മീൽ സൂപ്പർവൈസർ എന്നീ തസ്തികകളും ഡി.ഇ.ഒ. ഓഫീസിൽ ജില്ല വിദ്യാഭ്യാസ ഓഫീസർ, പി.എ. എന്നീ തസ്തികകളുമടക്കം ആറ് തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇത് ജില്ലയിൽ സൃഷ്ടിക്കുന്ന ഭരണ പ്രതിസന്ധി ചെറുതല്ല. ജില്ലാ പഞ്ചായത്ത്, ഡയറ്റ്, എസ്.എസ്.കെ. എന്നിങ്ങനെ വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ട തസ്തികകൾ ആയിട്ടു കൂടി വേണ്ടത്ര ഗൗരവത്തിൽ സർക്കാർ ഇതിനെ കാണുന്നില്ല. അടിയന്തിരമായി ഈ തസ്തികകളിൽ നിയമനം നടത്തി ജില്ലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് പനമരം കേളോത്ത് തറവാട്ടിൽ നടന്ന എ.കെ.എസ്.ടി.യു. വയനാട് ജില്ല നേതൃ പരിശീലന ക്യാമ്പിൽ ആവശ്യമുയർന്നു. സമയബന്ധിതമായി സ്കൂളുകളിലെ തസ്തിക നിർണയം പൂർത്തീകരിച്ച് ഒഴിവുകൾ നികത്തണമെന്നും എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണത്തിന്റെ പേരിൽ മുടങ്ങി കിടക്കുന്ന തസ്തികകൾക്ക് നിയമനാംഗീകാരം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി. പൊതു പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ ഹയർ സെക്കൻഡറിയിലേതുപോലെ ഗ്രേഡിനു പുറമെ മാർക്ക് കൂടി രേഖപ്പെടുത്തുന്നതിന് നടപടിയുണ്ടാകണം. നിലവിലെ സാഹചര്യത്തിൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിൽ മാർക്ക് കൂടിയ കുട്ടികൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാൻ ഇതിലൂടെ കഴിയും. കായിക മേളകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന തലത്തിൽ നടപടി സ്വീകരിക്കണം. കഴിഞ്ഞ വർഷം പൊതു പരീക്ഷകൾ ആയിട്ടും ഗെയിംസ് മത്സരങ്ങൾ നടത്തി തീർക്കാൻ സാധിച്ചിട്ടില്ല. വിദ്യാവാഹിനി, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, യൂണിഫോം എന്നിവക്ക് സമയബന്ധിതമായി ആവശ്യത്തിന് തുക അനുവദിക്കണമെന്നും പഠനക്യാമ്പിൽ ആവശ്യമുയർന്നു. ക്യാമ്പ് സി.പി.ഐ. ജില്ല സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.കെ. സുധാകരൻ സംഘടനാ രംഗം സംബന്ധിച്ച് ക്ലാസ് നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്റ്റാൻലി ജേക്കബ്, രാജീവൻ പുതിയേടത്ത് എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. ജിത്തു പോൾ, ബെന്നി തോമസ്, ജോണി ജി.എം, മാഗ്ദലീൻ എഫ്.ബി., മനോജ് മോൻ, ജിത്തു രാജ്, മനോജ് സി. എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് കെ. സജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിൽ ജില്ല സെക്രട്ടറി ശ്രീജിത്ത് വാകേരി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് വി.ആർ. പ്രകാശൻ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി. പ്ലസ് ടു പൊതു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ സംഘടനാംഗങ്ങളുടെ കുട്ടികളെ ആദരിച്ചു.






Leave a Reply