May 7, 2026

മദ്യപാന ആസക്തിയും കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് നടപടി വേണം: വനിതാ കമ്മീഷന്‍

0
20231219 212558
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ 12-ാം വാര്‍ഡ് അംബേദ്ക്കര്‍ പട്ടികവര്‍ഗ കോളനിയില്‍ മദ്യപാന ആസക്തിയും ഇതു മൂലമുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സത്വര നടപടി വേണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്റെ പട്ടിക വര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ 12-ാം വാര്‍ഡ് അംബേദ്ക്കര്‍ കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അധ്യക്ഷ. കോളനിയിലെ മാനസിക വെല്ലുവളി നേരിടുന്നവരുടെ പരിചരണം ലക്ഷ്യമാക്കി പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്ന പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനുള്ള നിര്‍ദേശം പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കി. ലൈഫ് പദ്ധതി കോളനിയില്‍ വിജയകരമായി പൂര്‍ത്തീകരിച്ച് വരുന്നുണ്ട്. കോളനിവാസികളുടെ ഉന്നമനത്തിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വനിതാ കമ്മിഷന്റെ പൂര്‍ണ പിന്തുണ ഉണ്ടാകും. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെല്ലാം കോളനിയില്‍ എത്തുന്നുണ്ടെന്ന് ബോധ്യമായതായും

വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിനായി വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച പട്ടികവര്‍ഗ മേഖലാ ക്യാമ്പ് തിരുനെല്ലി അംബേദ്ക്കര്‍ കോളനിയിലെ ഗൃഹസന്ദര്‍ശനത്തോടെയാണ് തുടങ്ങിയത്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുന്നതിനാണ് രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പിന്റെ ഭാഗമായി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ.പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോളനിയില്‍ സന്ദര്‍ശനം നടത്തിയത്. കോളനിയിലെ പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെടുന്ന ഏഴ് കുടുംബങ്ങളുടെ വീടുകള്‍ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചു. കോളനിയിലെ ക്യാന്‍സര്‍, അരിവാള്‍ രോഗം ബാധിച്ചവരുടെയും മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളുടെയും ആരോഗ്യ വിവരങ്ങള്‍ കമ്മിഷന്‍ അംഗങ്ങള്‍ ചോദിച്ചറിഞ്ഞു. കോളനിയിലെ അതിദരിദ്ര വിഭാഗത്തില്‍പ്പെടുന്നവരുടെ വീടുകളും അംഗങ്ങള്‍ സന്ദര്‍ശിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. രാധാകൃഷ്ണന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാബു എം പ്രസാദ്, സബ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ പി സെബാസ്റ്റ്യന്‍, ട്രൈബല്‍ പ്രമോട്ടര്‍മാരായ എം. അജ്ഞു, സി.എന്‍. ഷീന, ആശ വര്‍ക്കര്‍ സരസ്വതി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *