വയനാട് മെഡിക്കൽ കോളേജ്: കാത്ത് ലാബിൽ ആദ്യത്തെ ആൻജിയോഗ്രാം നടത്തി
മാനന്തവാടി: ഏറെ കാത്തിരിപ്പിന് ശേഷം വയനാട്ടുകാർക്ക് ആശ്വാസമായി വയനാട് മെഡിക്കൽ കോളേജിൽ നിന്നും കാത്ത് ലാബുമായി ബന്ധപ്പെട്ട് ശുഭവാർത്ത കാത്താബിൽ ആദ്യമായി ആൻജിയോഗ്രാം നടത്തി. ജില്ലയിലെ ഗോത്രവിഭാഗത്തിൽപ്പെട്ട രണ്ട്പേർക്കാണ് കാത്ത് ലാബ്സൗകര്യത്തിൽ ആൻജിയോഗ്രാം നടത്തിയത്. ഹൃദയം ഉൾപ്പെടെയുള്ള ആന്തരികാവയങ്ങളിലേക്കും മറ്റുമുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നുണ്ടോയെന്നുള്ള പരിശോധനയാണ് ആൻജിയോഗ്രാം.
വയനാട് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ പ്രജീഷ് ജോൺ, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൃദ്രോഗവിദഗ്ധൻ ഡോ. പി ഷിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ ആൻജിയോ ഗ്രാം നടത്തിയത്. കാത്താബ് ടെക്നീഷ്യൻ, സ്ക്രബ് നേഴ് എന്നിവരുൾപ്പെടുന്ന സംഘവും വയനാട് മെഡിക്കൽ കോളേജിലെ ആദ്യ ആൻജിയോഗ്രാമിൽ പങ്കാളികളായിരുന്നു.
ആദ്യഘട്ടത്തിൽ ആൻജിയോഗ്രാം പരിശോധനകളും ഇതിനു ശേഷം രണ്ടാം ഘട്ടമായി ആൻജിയോപ്ലാസ്റ്റിയും (ശസ്ത്രക്രിയ) ആരംഭിക്കും.
രക്തധമനികളിൽ ഉണ്ടാകുന്ന തടസ്സങ്ങൾക്കും കാത്ത് ലാബിൽ നിന്നു ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നതു തടയാനുള്ള ഐസിഡി സംവിധാനവും കാത്ത് ലാബിൽ ഉണ്ടാകും എല്ലാ ചൊവ്വാഴ്ചയും രോഗികൾക്ക് ഒപിയിൽ ഹൃദ്രോഗ വിദഗ്ധൻ്റെ സേവനം ലഭിക്കും. കാത്ത് ലാബ് സിസിയുവിൽ ഏഴ് കിടക്കകളാണ് ഒരുക്കിയത്.
സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് എട്ട് കോടി രൂപയും ഒ ആർ കേളു എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽനിന്നും 50 ലക്ഷം രൂപയും ചെലവിട്ടാണ് കാത്ത് ലാബ് ഒരുക്കിയത്.





Leave a Reply