സങ്കടം കേട്ടും സംശയങ്ങള്‍ ദൂരീകരിച്ചും കല്‍പറ്റ നിയോജകണ്ഡലത്തില്‍ ആനി രാജയുടെ പര്യടനം
കല്‍പറ്റ: തോട്ടം മേഖലയിലേതടക്കം തൊഴിലാളികളുടെ സങ്കടങ്ങള്‍ കേട്ടും വനിതാ സംവരണ ബില്‍, ഭേദഗതി ചെയ്ത പൗരത്വ നിയമം തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങളുടെ സംശയം ദൂരീകരിച്ചും കല്‍പറ്റ നിയോജക മണ്ഡലത്തില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജയുടെ പര്യടനം. ഓരോ പര്യടന കേന്ദ്രത്തിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനും അവരുടെ വാക്കുകള്‍ കേള്‍ക്കാനും തിങ്ങിക്കൂടിയത്.
രാജ്യത്തെ രാഷ്ട്രീയ സാഹചര്യവും ബി.ജെ.പിയെ അധികാരത്തില്‍നിന്നു അകറ്റേണ്ടതിന്റെ ആവശ്യകതയും ആനി രാജ വിശദീകരിച്ചു. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതിലെ അനൗചിത്യം തുറന്നുകാട്ടി.
രാവിലെ ഏഴരയോടെ നടുപ്പാറയിയില്‍ തോട്ടം തൊഴിലാളികളെ കണ്ടും തെരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ ഉറപ്പുവരുത്തിയുമായിരുന്നു പര്യടനത്തിനു തുടക്കം. മുണ്ടേരിയില്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ നിരവധി വനിതകളെത്തി. ഇവര്‍ക്കിടയില്‍നിന്നായിരുന്നു വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള സംശയം ഉയര്‍ന്നത്.
പരിയാരം, മാണ്ടാട്, വാഴവറ്റ, കൂടോത്തുമ്മല്‍, കണിയാമ്പറ്റ, ചൂണ്ടക്കര, മേലെ മൈലാടി, മാടക്കുന്ന്, ബാങ്ക്കുന്ന്, കാപ്പിക്കളം, തരിയോട് പത്താംമൈല്‍, കാരാറ്റപ്പടി,അത്തിമൂല, ആനോത്ത്, പഴയ വൈത്തിരി, ചുണ്ട എസ്റ്റേറ്റ്, ആനപ്പാറ, മുക്കംകുന്ന്, റിപ്പണ്‍, നെടുങ്കരണ എന്നിവിടങ്ങളിലും പര്യടനം നടന്നു.
വാദ്യഘോഷങ്ങളോടെയായിരുന്നു ചില കേന്ദ്രങ്ങില്‍ സ്വീകരണം. ഇടതു മുന്നണിയിലെ പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ സ്ഥാനാര്‍ഥിയെ ഹാരം അണിയിച്ചു.
ലോക്‌സഭയില്‍ വയനാടിനെ പ്രതിനിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്ന് പര്യടന കേന്ദ്രങ്ങില്‍ ആനി രാജ ഉറപ്പുനല്‍കി. വന്യമൃഗശല്യം ഉള്‍പ്പെടെ പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിനു ഇടപെടുമെന്ന് വാഗ്ദാനം ചെയ്തു.
വയനാട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍, എല്‍.ഡി.എഫ് നേതാക്കളായ എന്‍.ഒ.ദേവസി, സി.എം.ശിവരാമന്‍, വി.പി.വര്‍ക്കി, സണ്ണി മാത്യു, നജീബ്, കെ. റഫീഖ്, കെ.കെ. തോമസ്, സി. എസ്.സ്റ്റാന്‍ലി, എം. മധു, സി.യൂസഫ്, വി.ഹാരിസ്, പി.സാജിത, കെ.ഷംസുദീന്‍, പി.ആര്‍.നിര്‍മല എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.





Leave a Reply