തിരഞ്ഞെടുപ്പിൽ ചർച്ചയാകാതെ പ്രധാന വിഷയങ്ങൾ; ചർച്ചയായി അപ്രധാന വിഷയങ്ങൾ
കൽപ്പറ്റ: രാജ്യത്തെ ബാധിക്കുന്ന അതിപ്രധാന വിഷയങ്ങളൊന്നും തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാകുന്നില്ല; ചർച്ച ചെയ്യപ്പെടുന്നതാകട്ടെ അപ്രധാനവും പ്രസക്തിയില്ലാത്തതുമായ വിഷയങ്ങൾ. രാജ്യത്തെ പ്രധാന നേതാക്കൾ വരെ വളരെ നിസ്സാരങ്ങളായ പ്രശ്നങ്ങൾ ഊതിവീർപ്പിച്ച് അന്തരീക്ഷത്തിൽ പറത്തി വിടുകയും ജനശ്രദ്ധ തിരിക്കുകയും ചെയ്യുന്നുവെന്ന തരത്തിൽ വിവിധ കോണുകളിൽ നിന്നും ആരോപണങ്ങൾ ഉയരുന്നു. അതിന് പിന്നിലെ സത്യമെന്തെന്ന് തിരിച്ചറിയാതെ അണികളും കൂടെ കൂടുന്നു.
നാടിനെയും രാജ്യത്തെയും ഒന്നാകെ തകർത്ത അഴിമതിയും കൊള്ളയും മുതലായ ഒരു കാര്യങ്ങളും ഈ തിരഞ്ഞെടുപ്പ് സമയത്ത് ചർച്ചയായി കാണുന്നില്ല. രാജ്യത്ത് നിലനിൽക്കുന്ന വർഗീയതയും കെടുകാര്യസ്ഥതയും ചർച്ച ചെയ്യപ്പെടുന്നില്ല. യുവജനങ്ങൾക്ക് ഇടയിൽ പിടിമുറുക്കിയിരിക്കുന്ന തൊഴിലില്ലായ്മയും, അമിത വിലക്കയറ്റവും പറഞ്ഞു കേൾക്കുന്നു പോലുമില്ല. അമിതമായ കടമെടുപ്പും, കടഭരവും, സംസ്ഥാനത്തിനും രാജ്യത്തിനും, വ്യക്തികൾക്കും താങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ്, കലാലയങ്ങൾ കൊലക്കളങ്ങളാകുന്നു, കലാപങ്ങളും, കൊലപാതകങ്ങളും വർധിച്ചു വരുന്നു. ഇത്തരം വിഷയങ്ങൾ ഒന്നും ചർച്ചയാകുന്നില്ല.
അടിസ്ഥാന പ്രശ്നങ്ങൾ ഒന്നും ചർച്ചയാകാതെ ഭരണ പരാജയം തിരുത്താനോ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ ഉള്ള ചർച്ചകൾ ബോധപൂർവം മായിച്ച് കളയുകയാണ്. പകരം ചർച്ച ചെയ്യുന്ന വിഷയങ്ങൾ നൈമിഷിക പ്രാധാന്യമുള്ളത് മാത്രമാണ്. ആരുടെയെങ്കിലും വിശ്വാസത്തെ അല്ല മറിച്ച് രാജ്യത്തെയാണ് രക്ഷിക്കേണ്ടത്. ഇന്ത്യയിൽ നിലനിന്നിരുന്ന മതസൗഹാർദം, മതേതര ജനാധിപത്യ ഇന്ത്യ നിലനിൽക്കണമെന്ന ആവശ്യം, ദരിദ്ര – ധനിക അന്തരം വർധിക്കുന്നത്, ജനങ്ങളുടെ ദുരിതം വർധിച്ചു വരുന്നത്, ജനാധിപത്യം ശക്തിപ്പെടുത്തേണ്ടത് തുടങ്ങിയ നിരവധി വിഷയങ്ങൾ ഈ സാഹചര്യത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.





Leave a Reply