യൂക്കാലിപ്റ്റ്‌സ് നടീല്‍: ഉത്തരവ് റദ്ദാക്കിയത് നില്‍ക്കക്കള്ളിയില്ലാതെ
കല്‍പ്പറ്റ: കേരള വനം വികസന കോര്‍പറേഷന്റെ തോട്ടങ്ങളില്‍ യൂക്കാലിപ്റ്റ്‌സ് നട്ടുപിടിപ്പിക്കുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി റദ്ദാക്കിയത് നില്‍ക്കക്കള്ളിയില്ലാതെ. പരിസ്ഥിതി സംഘടനകളും മാധ്യമങ്ങളും ചെലുത്തിയ ശക്തമായ സമ്മര്‍ദമാണ് ഉത്തരവ് റദ്ദാക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിച്ചത്. ഉത്തരവ് മരവിപ്പിച്ച് എതിര്‍പ്പുകള്‍ തത്കാലം തണുപ്പിക്കാനുള്ള നീക്കം വിലപ്പോകില്ലെന്നു കണ്ടപ്പോഴാണ് ഉത്തരവ് റദ്ദാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായത്. ഉത്തരവ് റദ്ദാക്കുന്നതിനു കാമ്പയിന്‍ നടത്താനും മുഖ്യമന്ത്രി, വനം മന്ത്രി, വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി, പിസിസിഎഫ് എന്നിവര്‍ക്ക് പരാതി നല്‍കാനും വയനാട് പകൃതി സംരക്ഷണ സമിതി ഉള്‍പ്പെടെ സംസ്ഥാനത്തെ പരിസ്ഥിതി സംഘടനകള്‍ തീരുമാനിച്ചിരുന്നു.
കേരള വനം വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറുടെ 2023 ജനുവരി 22ലെയും 2024 ജനുവരി 15ലെയും ഫെബ്രുവരി 20ലെയും കത്തുകളുടെ അടിസ്ഥാനത്തിലാണ് കോര്‍പറേഷന്റെ തോട്ടങ്ങളില്‍ അംഗീകൃത മാനേജ്‌മെന്റ് പ്ലാന്‍ കാലാവധി കഴിയുന്നതുവരെ(225 മാര്‍ച്ച് വരെ)യൂക്കാലിപ്റ്റ്‌സ് നട്ടുപിടിപ്പിക്കുന്നനു അനുവാദം നല്‍കിയത്. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് വയനാട്ടിലേതടക്കം വനഭൂമിയില്‍ വര്‍ഷങ്ങള്‍ മുമ്പ് നിര്‍ത്തിവച്ച യൂക്കാലിപ്റ്റ്‌സ് കൃഷി പുനരാരംഭിക്കുന്നത് കേരളത്തിലെ പരിസ്ഥിതിയെ ഒരു നൂറ്റാണ്ട് പിറകോട്ടു കൊണ്ടുപോകുമെന്ന വാദം ഉയര്‍ത്തിയാണ് പ്രകൃതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പ്രതിരോധം ഉയര്‍ത്തിയത്.
വനം വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനു 1988ലെ ദേശീയ വന നയം അനുസരിച്ച് അനുവാദമില്ല. യൂക്കാലിപ്റ്റ്‌സും അതുപോലുള്ള വിദേശ വൃക്ഷ ഇനങ്ങളും കാട്ടില്‍ നട്ടുവളര്‍ത്തുന്നതിനെ 2021 ലെ കേരള വന നയവും വിലക്കുന്നുണ്ട്. എന്നിരിക്കേ യൂക്കാലിപ്റ്റ്‌സ് കൃഷിക്ക് കേരള വനം വികസന കോര്‍പറേഷന് അനുവാദം നല്‍കി ഉത്തരവിറങ്ങിയത് അദ്ഭുതപ്പെടുത്തുന്നതാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും പറഞ്ഞു.
വനത്തിലെ ഏക വിളത്തോട്ടങ്ങളുടെ ആധിക്യത്തെയാണ് വയനാട് ഉള്‍പ്പെടെ ജില്ലകളില്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ മനുഷ്യവന്യജീവി സംഘര്‍ഷം വര്‍ധിച്ചതിന്റെ കാരണങ്ങളിലൊന്നായി പരിസ്ഥിതി രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. മണ്ണില്‍നിന്നു വര്‍ധിച്ച അളവില്‍ വെള്ളം വലിച്ചെടുക്കുന്ന വൃക്ഷ ഇനമാണ് യൂക്കാലിപ്റ്റസ്. സ്വാഭാവിക വനങ്ങളിലും ചേര്‍ന്നുകിടക്കുന്ന ഗ്രാമങ്ങളിലും ചതുപ്പുകള്‍ ഇല്ലാതാകുന്നതിനും നദികളുടെ കൈവഴികള്‍ വറ്റുന്നതിനും യൂക്കാലിപ്റ്റസ് കൃഷിയും കാരണമാണ്. വന്യജീവികളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കായി ജനം മുറവിളി കൂട്ടുകയാണ്. എന്നിരിക്കേ യൂക്കാലിപ്റ്റസ് കൃഷി അനുവദിച്ച് വനം വകുപ്പ് ഉത്തരവിറക്കിയത് ധിക്കാരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന അഭിപ്രായം പൊതുവെ ഉയര്‍ന്നിരുന്നു.





Leave a Reply