മക്കിമലയെ ചവിട്ടി മെതിച്ച് ഒറ്റയാൻ: വ്യാപക കൃഷി നാശം; ഭീതിയിൽ നാട്ടുകാർ
തലപ്പുഴ: കാട്ടാനപ്പേടിയിൽ പൊറുതിമുട്ടി മക്കിമല. നേരമിരുട്ടുമ്പോൾ എത്തുന്ന ഒറ്റയാനാണ് പ്രദേശവാസികളുടെ സ്വൈര്യജീവിതം ഇല്ലാതാക്കുന്നത്. കാർഷികവിളകൾ പാടേ നശിപ്പിച്ച് നേരംപുലരുമ്പോഴാണ് ആന കൃഷിയിടം വിടുന്നത്. കഴിഞ്ഞദിവസം ഇറങ്ങിയ ഒറ്റയാൻ വ്യാപക കൃഷിനാശം വരുത്തി. കരിയങ്ങാടൻ ഇബ്രാഹിം, തെക്കോടൻ കോയ എന്നിവരുടെ വാഴ, കവുങ്ങ്, തെങ്ങ്, കാപ്പി കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്.
നേരമിരുട്ടിയാൽ കാട്ടാനയെ ഭയന്നു സഞ്ചരിക്കേണ്ട സ്ഥിതിയിലാണ് പ്രദേശവാസികൾ. ആശ്രമം സ്‌കൂളിന്റെ കെട്ടിടത്തിനു സമീപത്തും മറ്റും രാവിലെ തമ്പടിക്കുന്ന ആന നേരമിരുട്ടുന്നതോടെ കൃഷിയിടത്തിലിറങ്ങി നാശം വരുത്തുകയാണ്. കാട്ടാനയെ പ്രതിരോധിക്കാൻ പ്രദേശത്ത് വൈദ്യുതിക്കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനമൊന്നുമില്ല. മാസങ്ങൾക്കു മുമ്പ് ഇറങ്ങിയ കാട്ടാന പഞ്ചമി ഹൗസിൽ പ്രവീണി (മണി)ൻ്റെ വീടിനു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കുത്തിമറിച്ചിട്ടിരുന്നു.
മക്കിമല ആറാംനമ്പർ ഭാഗങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. ആനയെപ്പേടിച്ച് വീടിനുള്ളിൽ സ്വസ്ഥമായി ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു. കാട്ടാനശല്യത്തിനു ശാശ്വത പരിഹാരമുണ്ടാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.





Leave a Reply