വായന ദിനത്തിൽ ലേഖനവുമായി ടി കെ മുസ്തഫ വയനാട്
വായന മരിക്കുന്നുണ്ടോ?
ഇന്റർ നെറ്റ് യുഗത്തിൽ വായന മരിക്കുന്നുവോ?
ഇ വായനയുടെ ലോകത്ത് പുസ്തകവും വായനക്കാരനും തമ്മിലുള്ള ജൈവിക ബന്ധം അപ്രസക്തമാകുന്നു വോ?വായന ദിനവുമായും വായന വാരാചരണവുമായും ബന്ധപ്പെട്ട ചർച്ചകൾക്കിടെ വിവിധയിടങ്ങളിൽ നിന്ന് ഉയർന്ന് കേട്ട ചോദ്യങ്ങളാണിവ. പുത്തൻ സാങ്കേതിക വിദ്യയുടെ വികാസം സൃഷ്ടിച്ച് വികസിപ്പിച്ചെടുത്ത വൈജ്ഞാനിക വിനിമയത്തിന്റെ നവീന സാദ്ധ്യതകൾ വായനയെ സൈബർ ഇടങ്ങളിലേക്ക് ചുരുക്കുകയാണെന്നും ഭാഷയെ വികസിപ്പിക്കുന്നതിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ ഉത്തര വാദിത്വ നിർവ്വഹണത്തിൽസാമ്പ്രദായിക മാധ്യമങ്ങളിൽ നിന്നും വ്യതിരിക്തമാക്കപ്പെട്ട ന്യൂ ജൻ വായന സംസ്കാരം പരാജയപ്പെടുന്നു എന്നുമാണ് പലരും ആശങ്കയായി പങ്കു വെച്ചത്.
ചരിത്രം വീക്ഷിക്കുമ്പോൾ ഏത് മേഖലയിലും ഉണ്ടായിട്ടുള്ള കാലാനുസൃത ഭാവ ഭേദങ്ങൾ വായനയിലും കടന്ന് വന്നിട്ടുണ്ട് എന്ന് കാണുവാൻ കഴിയും.ആദിമ മനുഷ്യര്‍ കല്ലിലും മണ്ണിലും ഗുഹാമുഖങ്ങ ളിലും മൃഗത്തോലുകളിലും മരപ്പലകകളിലുമാണ് തങ്ങളുടെ ആശയങ്ങള്‍ രേഖപ്പെടുത്തി വെച്ചത്. കടലാസ് കണ്ടു പിടിക്കുന്നതിന് തൊട്ട് മുൻപ് താളിയോലകളായിരുന്നു എഴുത്തിനും വായനക്കുമായി ഉപയോഗിച്ചിരുന്ന മാധ്യമം.പൗരാണിക കാലത്തെ മത പരവും രാഷ്ട്രീയ പരവുമായ രചനകളെല്ലാം താളിയോലകളിലായിരുന്നു രേഖപ്പെടുത്തപ്പെട്ടത്. 1960 കൾ വരെ കളരിയാശാൻമാർ കുട്ടികൾക്കുള്ള പാഠങ്ങൾ എഴുതിക്കൊടുത്തത് താളിയോലകളിൽ ആയിരുന്നു.
അച്ചടിയുടെ കണ്ടു പിടുത്തം വായനയുടെ ഗതിയെ തന്നെ മാറ്റി മറിക്കുകയും അതി വേഗ അച്ചടി സംവിധാനങ്ങൾ കൂടുതൽ പ്രസിദ്ധീകരണങ്ങൾ വായനക്കാരിലേക്ക് എത്തിക്കുകയും വായന സാർവത്രികമാക്കുകയും ചെയ്തു. വിവര സാങ്കേതിക വിദ്യയുടെ വീണ്ടുമുള്ള വികാസം പുസ്തകങ്ങളിൽ നിന്നും സോഷ്യൽ മീഡിയകളിലേക്ക് വായനക്കാരെ നയിക്കുകയും തൽഫലമായി വായനക്ക് ഇപ്പോൾ ചർച്ചകളിൽ നിറയുന്ന ന്യൂ ജൻ മുഖം കൈവരികയും ചെയ്തു.
പുസ്തകങ്ങളിൽ നിന്നും മൊബൈൽ ഫോണുകളിലേക്കും കമ്പ്യൂട്ടറുകളിലേക്കും വായന മാറ്റപ്പെട്ടത് മുൻപുണ്ടായിരുന്ന വായനയുമായി ബന്ധപ്പെട്ട ചില കാഴ്ചപ്പാടുകളെ അപ്രസക്തമാക്കി എന്നത് കൊണ്ട് വായന മരിച്ചു എന്ന നിരീക്ഷണത്തിലെത്തുന്നത് ഭംഗിയല്ല. അച്ചടിച്ച പുസ്തകങ്ങൾ ഉപേക്ഷിച്ചു വായന സുഖത്തിനായി ഇ വായനയിലേക്ക് തിരിഞ്ഞു എന്നത് കൊണ്ട് മാത്രം ആശങ്കപ്പെടേണ്ട ആവശ്യവുമില്ല.സാമൂഹ്യ മാധ്യമങ്ങൾ വായനക്കാരെ കൂടുതൽ ആകർഷിക്കുകയും പുതിയ എഴുത്തുകാരുടെ ഉദയത്തിന് പ്രസ്തുത മേഖല നിദാനമാവുകയും ചെയ്യുന്നു എന്നതാണ് സത്യം. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനേക്കാൾ ഇ ബുക്ക് രൂപത്തിൽ സൃഷ്ടികൾ വായനക്കാരിൽ എത്തിക്കുവാനാണ് നല്ലൊരു വിഭാഗത്തിനും താല്പര്യം. അത് കൊണ്ട് തന്നെ മുൻപ് പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിക്കുന്ന ഒരു വിഭാഗത്തിൽ മാത്രം വായന ഒതുങ്ങി നിന്നെങ്കിൽ ഇന്ന് താരതമ്യേന വായന സാർവ്വത്രികമാവുകയാണുണ്ടായത്. വിരലൊന്നമർത്തിയാൽ ഏത് പ്രസാധകരുടെ പുസ്തകങ്ങളും വായനക്കായി കൺ മുന്നിൽ ലഭ്യമാണെന്നിരിക്കെ ഗ്രന്ഥശാലകൾ സന്ദർശിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായന സുഖം നുകരാൻ എല്ലാവരും മെനക്കെടണമെന്നില്ല.
മാറുന്ന കാലത്ത് വായനയും മാറുമല്ലോ!
ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ബ്ലോഗുകളുമാകട്ടെ എഴുത്തുകാരനും വായനക്കാരനും തമ്മിൽ നേരിട്ടുള്ള ആശയ സംവാദത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. എന്നാൽ നേരിട്ടുള്ള പുസ്തക വായനയിലൂടെയുള്ള ഇപ്രകാരമുള്ള സംവാദങ്ങൾക്ക് പരിമിതികൾ ഏറെയാണ്.
1949ല്‍ സ്‌പെയിനില്‍നിന്നുള്ള അധ്യാപിക ഏയ്ഞ്ചല റൂസ് ആണ് ആദ്യമായി ‘ഇ’ ബുക്കിനുള്ള നിർമ്മാണാവകാശം നേടിയത്. കടലാസിലുള്ള പുസ്തകങ്ങൾ ചുമക്കുമ്പോൾ കുട്ടികൾക്കുള്ള ഭാരം ലഘൂകരിക്കാൻ വേണ്ടിയാണ് അത്തരമൊരു ഉദ്യമത്തിന് അവർ മുൻ കൈയെടുത്തത്.
എങ്ങനെ വായിക്കുന്നു, എന്ത് വായിക്കുന്നു എന്നതിലല്ല പ്രസ്തുത വായന സാമൂഹ്യ നവോത്ഥാനത്തെ സ്വാധീനിക്കുന്ന തിരിച്ചറിവിന്റെ പ്രത്യയ ശാസ്ത്രം എന്ന നിലയിൽ വായനക്കാരന് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടോ എന്നതാണ് വിഷയം. കേവല വായന എന്നതിലുപരി ചിന്താ ശേഷിയുടെയും സർഗ്ഗ പ്രകൃയയുടെയും നവീന മാർഗ്ഗമായി അതിനെ മാറ്റാൻ വായനക്കാരന് കഴിയണം.
പുസ്തകം വേണം, വായിക്കപ്പെടണം
എന്നാൽ പുസ്തകം ഇല്ലെങ്കിൽ വായനയില്ല എന്നർത്ഥമില്ല. പുസ്തകത്തെ കൈവിട്ടു എന്ന് വിലപിക്കുന്നതിനേക്കാൾ മനുഷ്യന്റെ സംസ്കാര നിർമ്മിതിക്കും സാമൂഹ്യ നിലപാട് രൂപവത്കരണത്തിനും ഉതകുന്ന രീതിയിലുള്ള വായനകൾ പുസ്തകത്തിലൂടെയായാലും ഡിജിറ്റലിലൂടെയായലും സംഭവ്യമാകുന്നുവോ എന്ന ചർച്ചയും ജാഗ്രതയുമാണ് അഭികാമ്യം.





Leave a Reply