ചേകാടിയില്‍ കാട്ടാനശല്ല്യം രൂക്ഷമാകുന്നു; ബൈക്ക് യാത്രികര്‍ അപകടത്തില്‍പെടുന്നത് നിത്യ സംഭവം
പുല്‍പള്ളി: പാക്കം, ചേകാടി, ഉദയക്കര ചേകാടി റൂട്ടിലെ കാട്ടാനകളുടെ സാന്നിധ്യം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. അപ്രതീക്ഷിതമായി വനത്തില്‍ നിന്നു റോഡിലേക്കിറങ്ങി വരുന്ന ആനകളെ കണ്ട് ബൈക്ക് യാത്രികര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പെടുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. വെളുകൊല്ലിയില്‍ നിന്നു കഴിഞ്ഞ ദിവസം പനമരം പോലീസ് സ്‌റ്റേഷനിലേക്ക് ബൈക്കില്‍ യാത്രചെയ്ത പോലീസുകാരന്‍ അപകടത്തില്‍പെട്ടു.
ചേകാടിയില്‍ നിന്നു വേലിയമ്പത്തേക്കു വരികയായിരുന്ന സ്‌കൂള്‍ ബസിനെയും ആനയും കുട്ടിയും ഏറെനേരം തടഞ്ഞുവച്ചു. ചേകാടിയില്‍ നിന്നു പുല്‍പള്ളി സ്‌റ്റേഷനിലേക്ക് വരികയായിരുന്ന വനിതാ പോലീസുകാരിയും കഴിഞ്ഞമാസം കുറിച്ചിപ്പറ്റയില്‍ ആനയുടെ മുന്നില്‍പെട്ടു. വാഹനം വഴിയില്‍ മറിച്ചിട്ട് പാലത്തിനടിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
പുലര്‍ച്ചെയും സന്ധ്യയ്ക്കുമാണ് ഏറെ അപകടസാധ്യത. കര്‍ണാടകയില്‍ ജോലിക്കും കൃഷിക്കുമായി പോകുന്ന ഒട്ടേറെയാളുകളുടെ യാത്രാമാര്‍ഗം ചേകാടിബാവലി വഴിയാണ്. രാവിലെ ആറിന് ബാവലി ഗേറ്റ് തുറക്കുമ്പോഴും വൈകിട്ട് ആറിന് അടക്കുമ്പോഴുമാണ് യാത്രക്കാര്‍ കൂടുതലുള്ളത്. വനത്തില്‍ അടിക്കാടുകള്‍ വളര്‍ന്നതോടെ സമീപത്ത് ആന നിന്നാലും കാണാത്ത അവസ്ഥയുണ്ട്. നാടുകാണാനെത്തുന്ന അപരിചിതരും പലപ്പോഴും റോഡിലെ ആനയെ കണ്ട് തിരിച്ചോടുന്നു. എന്നാല്‍ ആനകളുടെ ഫോട്ടോയെടുക്കാനും മറ്റും യാത്രക്കാര്‍ വാഹനം നിര്‍ത്തുന്നതും പ്രശ്‌നമാകുന്നു. കുറുവ ദ്വീപ് അടച്ചതോടെ ഈ പ്രദേശം ആനയുടെ താവളമായി. വനത്തിലൂടെ സഞ്ചാരികളുടെ വാഹന ഗതാഗതമില്ലാത്തതാണ് പ്രദേശത്തെ ശാന്തമാക്കിയത്. ചെറിയമല, കോട്ടവയല്‍, പന്നിക്കല്‍, വെളുകൊല്ലി, കുണ്ടുവാടി, പൊളന്ന എന്നിവിടങ്ങളിലാണ് പകല്‍ സമയങ്ങളിലും ആനകള്‍ ഇറങ്ങുന്നത്.





Leave a Reply