May 12, 2026

കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ഡി പി സി തീരുമാനം

0
WhatsApp Image 2026-05-12 at 7.53.20 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക്ക് കമ്മിറ്റി യോഗം ചേര്‍ന്നു. കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാനും മഴക്കാലപൂര്‍വ്വ ശുചീകരണം ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ സജ്ജമാക്കുകയും രക്ഷാപ്രവര്‍ത്തനത്തിനുള്ള സൗകര്യങ്ങള്‍ തദ്ദേശസ്ഥാപന തലത്തിൽ ഉറപ്പാക്കുകയും വേണം.

കനാലുകള്‍, കള്‍വര്‍ട്ടുകള്‍, ഓടകള്‍ എന്നിവ വൃത്തിയാക്കി വെള്ളപ്പൊക്ക സാധ്യത കുറയ്ക്കണം. വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി നടപടിയെടുക്കണം. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍, പോസ്റ്റുകള്‍ എന്നിവ സുരക്ഷിതമാക്കണം. തദ്ദേശസ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ കാര്യത്തിലും മറ്റ് കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനത്തിലും ജാഗ്രത പുലര്‍ത്തണം. വാര്‍ഡ്തല ശുചിത്വ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റികൾ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണം. മഴക്കാല പകര്‍ച്ച വ്യാധികളായ ഡെങ്കിപനി, എലിപ്പനി, മഞ്ഞപ്പിത്തം, ചിക്കന്‍ ഗുനിയ, മലേറിയ തുടങ്ങിയവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും യോഗത്തിൽ തീരുമാനമായി.

തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കുന്നതിനുള്ള എ ബി സി പദ്ധതി കൂടുതൽ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കും. ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി മുന്നോടിയായി ജില്ലയിലെ മുഴുവൻ സ്കൂളുകളും മോണിറ്ററിംഗ് കമ്മിറ്റി സന്ദർശിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾ അടിയന്തരമായി തീർപ്പാക്കുന്നതിന് നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സ്കൂൾ പരിസരവും മൈതാനങ്ങളും കാടുവെട്ടി തെളിക്കാൻ പദ്ധതി രൂപീകരിക്കണം. ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്ന് തദേശ സ്ഥാപന അധ്യക്ഷന്മാർ ആവശ്യപ്പെട്ടു. വെറ്ററിനറി ഡോക്ടർമാരുടെ സഹകരണം ഉറപ്പാക്കണം. ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണം തടസ്സപ്പെടുന്നത് അടിയന്തരമായി പരിഹരിക്കണം, സെൻസസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കണം തുടങ്ങിയ വിവിധ നിർദ്ദേശങ്ങൾ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാർ യോഗത്തിൽ അവതരിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *