ഉരുൾപൊട്ടൽ ദുരന്തത്തിൽ കള്ളകണക്ക് അവതരിപ്പിച്ച സർക്കാരിന്റെ നടപടി തികച്ചും അപലപനീയം: ഡി.സി.സി.
കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കള്ളകണക്ക് അവതരിപ്പിച്ച കേരള സർക്കാരിന്റെ നടപടി തികച്ചും അപലപനീയമാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട സന്നദ്ധ പ്രവർത്തകരുൾപ്പടെയുള്ളവരുടെ പേരിൽ വ്യാജ ചെലവ് കാണിച്ച് പണം തട്ടാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നത്. ദുരന്തത്തെ അതിജീവിച്ചവർക്ക് ക്യാമ്പുകളില്‍ ഭക്ഷ്യസാധനങ്ങൾ ഉൾപ്പടെ എല്ലാ ആവശ്യവസ്തുക്കളും രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും സംഭാവനായി ലഭിച്ചതാണ്.
വിവിധ സന്നദ്ധസംഘടനങ്ങൾ ക്യാമ്പുകളിലേക്ക് വസ്ത്രങ്ങൾ നൽകാൻ തയ്യാറായപ്പോൾ അത് തടഞ്ഞ മുഖ്യമന്ത്രി 11 കോടി രൂപയാണ് വസ്ത്രങ്ങൾ വാങ്ങാൻ ചെലവായതായി കാണിച്ചിരിക്കുന്നത്. മാത്രമല്ല, മരണപ്പെട്ടവരുടെ പേരിൽ പോലും കോടികൾ ചെലവ് കാണിക്കാൻ സർക്കാർ ശ്രമിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് 2.7 കോടി രൂപയാണ് ചെലവായതായി സർക്കാർ കാണിച്ചിരിക്കുന്നത്. ദുരന്തമേഖലയിലെ എല്ലാവിധ പ്രവർത്തനങ്ങൾക്കും ആവശ്യമായ സഹായങ്ങൾ വിവിധ മേഖലകളിൽ നിന്നും സഹായമായി ലഭിച്ചിട്ടുള്ളതാണ്. യു.ഡി.എഫ്. പ്രവർത്തകരുൾപ്പടെ വിവിധ മേഖലയിൽ നിന്നുമുള്ള സന്നദ്ധപ്രവർത്തകരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്. ഇവർ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ദുരന്തമേഖലയിൽ കൈമെയ് മറന്ന് പ്രവർത്തിച്ചത്.
അതിനാൽ ഇത്തരം പ്രവർത്തികൾക്ക് സർക്കാരിന് യാതൊരു ചെലവും ഉണ്ടായിട്ടില്ല. എന്നാൽ, ഇതെല്ലം സർക്കാരിന്റെ ചെലവാണെന്ന് കാണിച്ച് കൊണ്ട് ദുരന്തത്തിന്റെ പേരിൽ പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് പിണറായി വിജയൻ ചെയ്യുന്നത്. ആകെ 1555 വീടുകൾ പൂർണമായും 452 വീടുകൾ ഭാഗികമായും തകർന്നു എന്നാണ് സർക്കാർ കണക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത് തെറ്റായ കണക്കാണ്. മുണ്ടക്കൈയിൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തിര സഹായമായ പതിനായിരം രൂപ പോലും എല്ലാവർക്കും നൽകാൻ കേരള സർക്കാരിന് കഴിഞ്ഞിട്ടില്ല.
2018 ലെ പ്രളയദുരിതാശ്വാസ നിധിയിലും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലും, കോവിഡ് സാമഗ്രികളിലും ഉൾപ്പടെ പിണറായി സർക്കാർ തട്ടിപ്പ് നടത്തിയത് കൊണ്ട് തന്നെ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകള്‍ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. ഇത്തരം സംശയം തോന്നിപ്പിക്കുന്ന കണക്കുകൾ സർക്കാർ തന്നെ വിശദീകരിക്കേണ്ടതും എത്രയും പെട്ടെന്ന് തന്നെ യഥാർത്ഥ കണക്ക് പുറത്ത് വിടുന്നതിനുള്ള നടപടികൾ പിണറായി സർക്കാർ സ്വീകരിക്കണമെന്നും ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു.
Leave a Reply