November 15, 2026

മുണ്ടക്കൈ ദുരന്തത്തിൽ സർക്കാർ ചിലവഴിച്ച കണക്കുകൾ പുറത്ത് വിടണം: ആം ആദ്മി പാർട്ടി 

0
Eivxfpi66836
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ചെലവുകൾ എന്ന രീതിയിൽ കേരള സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ചെലവ് കണക്കുകൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാക്കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച വിശദീകരണത്തിൽ കേന്ദ്രത്തിൽ സമർപ്പിച്ച പ്രതീക്ഷിത ചെലവിൻ്റെ കണക്കാണെന്നും അതിൻ്റെ കോപ്പിയാണ് ഹൈക്കോടതിയിൽ 23/08/24 ന് സമർപ്പിച്ചിട്ടുള്ളതെന്നും പറയുന്നു. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ യഥാർത്ഥ ചെലവുകളുടെ വിവരങ്ങൾ സർക്കാർ അടിയന്തിരമായി പുറത്തുവിടണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡൻ്റ് ഡോ. എ.ടി. സുരേഷ് ആവശ്യപ്പെട്ടു. എസ്.ഡി.ആർ.എഫ് നോംസ് അനുസരിച്ചു തയ്യാറാക്കിയ പ്രതീക്ഷിത ചെലവുകൾ ആണെന്നു സർക്കാർ വിശദീകരിക്കുമ്പോൾ പോലും കണക്കുകൾ യാഥാർത്ഥ്യവുമായി ഒരു വിധത്തിലും പൊരുത്തപ്പെടുന്നില്ലെന്നു മാത്രമല്ല ചെലവുകൾ പലമടങ്ങ് പെരുപ്പിച്ച് കാണിച്ചിരിക്കുന്നു. ഒരു ബോഡി സംസ്കരിക്കുന്നതിന് കാണിച്ചിരിക്കുന്ന ചെലവ് എഴുപത്തയ്യായിരം രൂപയാണ്. ഒരു ബോഡി മറവു ചെയ്യുന്നതിന് കുഴിയെടുക്കുമ്പോൾ അതിൻ്റെ പി ഡബ്ലിയു ഡി /സി പി ഡബ്ലിയു ഡി റേറ്റ് , പ്രൈവറ്റ് ഏജൻസിയെ കൊണ്ട് ചെയ്യിപ്പിക്കുന്നതെങ്കിൽ അവർ നിർദ്ദേശിച്ച റേറ്റ് ,ഇതിൽ ഏതു റേറ്റിൻ്റെ അടിസ്ഥാനത്തിലാണ് തുക നിശ്ചയിച്ചിരിക്കുന്നതെന്നു സർക്കാർ വിശദീകരിക്കേണ്ടതുണ്ട്.

 

ക്യാമ്പുകളിൽ ജനറേറ്റർ പ്രവർത്തിപ്പിച്ച വകയിൽ 30 ദിവസത്തേയ്ക്ക് ചെലവായ തുക 7 കോടി രൂപയാണ്. അതായത് ഒരു ക്യാമ്പിൽ ഒരു ജനറേറ്ററിന് വാടകയിനത്തിൽ ചെലവായത് 30 ദിവസത്തേയ്ക്ക് 41 ലക്ഷം രൂപ. ക്യാമ്പിലെ ആവശ്യങ്ങൾക്ക് മതിയാകുന്ന ഒരു ജനറേറ്റർ മേടിക്കാൻ 20 ലക്ഷവും ഒരു ദിവസത്തെ ഇന്ധന ചെലവ് 10,000 രൂപ തോതിൽ കണക്കാക്കിയാൽ തന്നെ 23 ലക്ഷം വരികയുള്ളൂ. അവിടെയാണ് വാടകയിനത്തിൽ ഒരു ജനറേറ്ററിന് 41 ലക്ഷം ചെലവ് കാണിച്ചിരിക്കുന്നത്.ഓരോ ഹെഡ്ഡിലെ ചെലവും ഇഴകീറി പരിശോധിക്കുമ്പോൾ സാമാന്യ യുക്തിക്കു നിരക്കാത്ത കണക്കുകളുടെ ഘോഷയാത്രയാണ് കാണാൻ സാധിക്കുന്നത്.ഇത് ഒരു അബദ്ധ പഞ്ചാംഗം എന്ന ലാഘവത്തോടെ കണ്ട് തള്ളിക്കളയാൻ സാധിയ്ക്കില്ല. ഒരു സ്റ്റേറ്റ് ഗവണ്മെൻ്റ് കേന്ദ്രഗവണ്മെൻ്റിനും കേരള ഹൈക്കോടതിക്കും സമർപ്പിച്ച കണക്കാണിതെന്നുള്ളത് അതിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.തെറ്റായതും പെരുപ്പിച്ചതുമായ കണക്കുകൾ കേന്ദ്രഗവണ്മെൻ്റിനും കേരള ഹൈക്കോടതിക്കും സമർപ്പിച്ച ഉന്നത ഉദ്യോഗസ്ഥൻമാർക്കെതിരേ ഏറ്റവും ഉചിതമായ ശിക്ഷാനടപടികൾ സ്വീകരിക്കുകയും, കോടതിയെയും, കേന്ദ്ര സർക്കാറിനെയും,പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് അഴിമതിക്ക് കളമൊരുക്കുന്നമുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും രാജി വെക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അജി കൊളോണിയ, മനു മത്തായി,പോൾസൺ അമ്പലവയൽ, ബാബു തച്ചറോത് എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *