May 12, 2026

ആരോഗ്യ വകുപ്പിൻ്റെയും പഞ്ചായത്തിന്റെയും അനാസ്ഥ: അത്തികുനിയിൽ മഞ്ഞപിത്തം പടരുന്നു

0
Img 20240919 134203
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: പുൽപള്ളി നാലാം വാർഡ് അത്തികുനിയിൽ ആരോഗ്യ വകുപ്പിൻ്റെയും പഞ്ചായത്തിന്റെയും അനാസ്ഥ കാരണം മഞ്ഞപിത്തം പോലുള്ള രോഗങ്ങൾ പകരുന്നതായി പരാതി. മഴക്കാല മുന്നൊരുക്കങ്ങൾ കൃത്യമായി നടത്താത്തതാണ് രോഗം പകരാൻ കാരണമായതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കായി വാടകയ്ക്ക് നൽകിയ വീട് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ കക്കൂസ് മാലിന്യവും മറ്റു ഭക്ഷണ അവശിഷ്ടങ്ങളും സംസ്കരിക്കാതെ ഒഴുക്കിവിടുന്നത് സംബന്ധിച്ച് പ്രദേശവാസികൾ പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

 

ഇതിൽ നിന്നുള്ള മലിനജലം പ്രദേശവാസികളുടെ വീടിനോട് ചേർന്ന് ഒഴുകിയെത്തി വശങ്ങളിൽ കെട്ടിക്കിടക്കുന്നതിനാൽ ദുർഗന്ധം വമിക്കുന്നതിനും കൊതുകുകളും ഈച്ചകളും പെരുകുന്നതിനും ഇടവരുത്തുന്നു. കാലഹരണപ്പെട്ട ചില കെട്ടിടങ്ങിൽ അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്നുണ്ട്. പഞ്ചായത്ത് ഇക്കാര്യത്തിൽ ഉദാസീനതയാണ് കാട്ടുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി പുൽപള്ളി മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ നാട്ടിലാണ് എന്ന മറുപടി മാത്രമാണ് നൽകുന്നത്. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

 

നിലവിൽ വീടിനോട് ചേർന്ന് താമസിക്കുന്ന എട്ടു വയസ്സുള്ള ഒരു കുട്ടിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് ഇനിയും നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *