October 29, 2026

ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയിലേക്ക്

0
Img 20240920 Wa0127
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയിലേക്ക്. മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി റിൻസൺ ജോസിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇദ്ധേഹത്തിന്റെ്റെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലബനനിലെ പേജർ സ്ഫോടനങ്ങളിൽ മലയാളി ഉൾപ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്‌തത്. റിൻസൺ ജോസിന്റെ നോർട്ട ഗ്ലോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് വിവരം കിട്ടിയത്. എന്നാൽ റിൻസൻ കമ്പനി ഉടമയല്ലെന്നും, ജീവനക്കാരൻ മാത്രമാണെന്നും ബന്ധുക്കൾ പറഞ്ഞു. പത്ത് വർഷം മുമ്പ് സ്റ്റുഡന്റ് വിസയിൽ നോർവെയിൽ പോയ റിൻസനെ കുറിച്ച് ഏവർക്കും നല്ല മതിപ്പാണെന്നും ഇതുവരെ മറ്റ് പരാതികളൊന്നും റിൻസനെതിരെ ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

 

സ്ഫോടക വസ്‌തുക്കൾ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം ഇപ്പോഴും അജ്ഞാതമാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ഹിസ്ബുളള പേജറുകൾ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പുറത്ത് വരുന്നത്. റിൻസന്റെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നതെന്നും സ്ഫോടനവുമായി റിൻസൺ ജോണിന് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നും അന്വേഷണ ഏജൻസികളും വ്യക്തമാക്കുന്നു.

 

തായ്വാൻ കമ്പനിയുടെ ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ പേരിലുള്ള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുള്ള അവകാശം ഒരു ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക് നൽകിയെന്നുമാണ് തായ്വാൻ കമ്പനി വിശദീകരിച്ചത്. ഇതനുസരിച്ച് ഹംഗേറിയൻ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപ കരാർ നൽകിയിരുന്നുവെന്നുമാണ് ഹംഗേറിയൻ കമ്പനി മറുപടി നൽകിയത്. അങ്ങനെയാണ് അന്വേഷണം നോർവയിലേക്കും അവിടെ നിന്നും ബൾഗേറിയൻ കമ്പനിയിലേക്കും മലയാളിയിലേക്കും എത്തിയത്.

 

ബിഎസിക്ക് ഇടപാടിനുള്ള പണം എത്തിയത് റിൻസൺ ജോസിൻ്റെ സ്ഥാപനങ്ങൾ വഴിയാണ്. നോർവെയിലെ ഒസ്ലോയിൽ താമസിക്കുന്ന റിൻസൺ തന്റെ്റെ കമ്പനികൾ ബൾഗേറിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും നോർവേയിലെ ഡിഎൻ മീഡിയ എന്ന മറ്റൊരു കമ്പനിയിൽ റിൻസൺ ജോലി ചെയ്യുന്നുമുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു.

 

പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസന്റെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് ഇപ്പോഴത്തെ അനുമാനം. പേജറുകൾ നിർമ്മിച്ചതിലോ സ്ഫോടക വസതുക്കൾ ഇതിൽ നിറച്ച ഇസ്രയേൽ നീക്കത്തിലോ റിൻസണ് പങ്കുള്ളതായി തല്ക്കാലം തെളിവില്ല. രണ്ടിലധികം കമ്പനികൾ വഴി പണം കൈമാറിയിട്ടുണ്ടെങ്കിലും പേജറുകൾ ആര് നിർമ്മിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്.

 

നോർവേയും ബൾഗേറിയയും റിൻസന്റെ കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. റിൻസൺ കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ബൾഗേറിയൻ അധികൃതർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

ചൊവ്വാഴ്‌ചയായിരുന്നു ലെബനനിൽ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്ഫോടന പരമ്പര. വയർലെസ് കമ്മ്യൂണിക്കേഷൻ ഡിവൈസായ ആയിരക്കണക്കിന് പേജർ ഉപകരണങ്ങൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്റൂത്തിലടക്കമുണ്ടായ സ്ഫോടന പരമ്പരയിൽ 12 പേർ കൊല്ലപ്പെട്ടപ്പോൾ മൂവായിരത്തോളം പേർക്ക് പരിക്കേറ്റു. ഈ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടവരുടെ ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്കാര ചടങ്ങുകൾക്കിടെയാണ് ബുധനാഴ്ച‌ വാക്കി-ടോക്കി എന്ന മറ്റൊരു വയർലെസ് കമ്മ്യൂണിക്കേഷൻ ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്ഫോടന പരമ്പരയുണ്ടായത്. വാക്കി-ടോക്കി സ്ഫോടനങ്ങളിൽ 20 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 450ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

 

ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ ചാരകണ്ണുകളിൽ നിന്ന് രക്ഷപ്പെടാനാണ് ഹിസ്ബുല്ല അംഗങ്ങൾ ആശയവിനിമയത്തിനായി മൊബൈൽ ഫോണുകൾ ഒഴിവാക്കി പേജറുകളും വാക്കി-ടോക്കികളും ഉപയോഗിക്കുന്നത്. എന്നാൽ അവയുടെ എല്ലാ സുരക്ഷാ പൂട്ടും പൊളിച്ച് എതിരാളികൾ സ്ഫോടന പരമ്പര അഴിച്ചുവിടുകയായിരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *