ഉരുൾപൊട്ടൽ ദുരന്തം: ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് റിപ്പോർട്ട് നൽകും
കൽപ്പറ്റ: മുണ്ടക്കൈ, ചൂൽമല ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകും. ദുരന്ത മേഖലയിലെ സുരക്ഷിത പ്രദേശങ്ങളും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളും തീരുമാനിക്കുന്നത് ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും. ദുരന്ത ഭൂമിയിൽ പുഴ മുതൽ 300 മീറ്റർ വരെയുള്ള തീരം സുരക്ഷിതമല്ലെന്നാണ് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ റിട്ട. ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ.
ഉരുൾപൊട്ടൽ നാശംവിതച്ച പുഴയുടെ ഇരുകരകളിലും 100 മീറ്റർ ഇടവിട്ട് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ആയിരുന്നു പരിശോധന. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ പലയിടങ്ങളും മനുഷ്യവാസയോഗ്യമല്ലെന്നും റിപ്പോർട്ടിലുണ്ട്.
പുനരധിവാസത്തിന് സർക്കാർ പരിഗണിച്ച ഇരുപത്തഞ്ചോളം ഭൂമികളിൽ അഞ്ച് എണ്ണമാണ് ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം തിരഞ്ഞെടുത്തത്. ഇതിന് പുറമെ മറ്റു ഭൂമികൾ കൂടി ഉപദേശ സമിതി നിർദേശിച്ചു. സി ഡബ്ല്യു എംആര്‍ ഡി എം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി കെ ദൃശ്യ, പ്രൊഫസർ ഡോ. ശ്രീവത്സൺ കൊളത്തയാർ, വയനാട് ജില്ലാ മണ്ണു സംരക്ഷണ ഓഫിസർ താരാ മനോഹരൻ, പി പ്രദീപ് എന്നിവരാണ് ജോൺ മത്തായിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.





Leave a Reply