കാട്ടനാശല്യം രൂക്ഷം ; നട്ടം തിരിഞ്ഞ് നാട്ടുകാർ
കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ വനാതിർത്തി ഗ്രാമങ്ങളെല്ലാം കാട്ടാനപ്പേടിയിൽ. പഞ്ചായത്തിൽ നടവയൽ ടൗൺ, നെയ്ക്കുപ്പ, ആലുമൂല, ചിങ്ങോട്, എടക്കാട്, കക്കോടൻ ബ്ലോക്ക്, കേണിച്ചിറ, എല്ലക്കൊല്ലി, ഇരുളം പ്രദേശങ്ങളിലാണ് കാട്ടാനകളുടെ വിളയാട്ടം തുടരുന്നത്. 5 ദിവസമായി നടവയൽ ടൗണിനോട് ചേർന്നിറങ്ങുന്ന കാട്ടാനക്കൂട്ടം കായ്ഫലമുള്ള വലിയ തെങ്ങ് അടക്കം മറിച്ചിട്ട് ലക്ഷക്കണക്കിന് രൂപയുടെ കൃഷികളാണ് നശിപ്പിച്ചത്.വെള്ളിയാഴ്ച രാത്രി ഒരേ സമയം നടവയൽ, എടക്കാട് അടക്കം പലയിടങ്ങളിലാണ് കാട്ടാനയുടെ ശല്യമുണ്ടായത്. എടക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം തൈകൾ വിൽപന നടത്തുന്ന നഴ്സറി തകർത്തു.
എടക്കാട് ബസ് കാത്തിരിപ്പു കേന്ദ്രത്തോട് ചേർന്ന കോച്ചേരി പ്രിൻസിന്റെ ഉടമസ്ഥതയിലുള്ള പ്രിൻസ് നഴ്സറിയുടെ ഒരുഭാഗത്തെ ഷീറ്റും മുള തൈകളും മറ്റുമാണ് കാട്ടാന തകർത്തത്. കൂടാതെ പ്രദേശത്തെ ഒട്ടേറെ കർഷകരുടെ തെങ്ങ്, വാഴ, കാപ്പി, കമുക്, കുരുമുളക്, കൊക്കോ, ജാതി, തീറ്റപ്പുല്ല് അടക്കമുളള കൃഷികളും വേലികളും നശിപ്പിച്ചു. വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങളെല്ലാം തകർന്നു കിടക്കുന്നതാണ് പ്രദേശത്ത് കാട്ടാനശല്യം വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.





Leave a Reply