May 28, 2026

വന്യജീവികളുടെ കാടിറക്കം തടയാന്‍ പദ്ധതികളുമായി വനം വകുപ്പ്

0
20250130 104419
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട്ടില്‍ വന്യജീവികളുടെ കാടിറക്കം തടയാന്‍ പദ്ധതികളുമായി വനം-വന്യജീവി സംരക്ഷണ വകുപ്പ്. വനത്തില്‍ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തിയും വനാതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമാക്കിയും ജനവാസ മേഖലകളില്‍ വന്യജീവി ശല്യം കുറയ്ക്കാനാണ് വനം വകുപ്പിന്റെ നീക്കം. ഇതിനു ദീര്‍ഘകാല, ഹ്രസ്വകാല പദ്ധതികളാണ് നടപ്പാക്കുന്നത്.ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായി ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനു ജില്ലയിലെ മൂന്നു വനം ഡിവിഷനുകളിലുമായി 1,800 ഹെക്ടര്‍ ചതുപ്പ് നബാര്‍ഡ് പിന്തുണയോടെ പരിപാലിക്കും. വന്യജീവി സങ്കേതത്തില്‍നിന്നു മൂന്നു മാസത്തിനകം 2,000 മെട്രിക് ടണ്‍ മഞ്ഞക്കൊന്ന നീക്കം ചെയ്യും. കാടിന്റെ പാരിസ്ഥിതിക സന്തുലനം നശിപ്പിക്കുകയും പ്രദേശം വന്യജീവികളുടെ വാസത്തിന് ഉതകാത്തതാക്കുകയും ചെയ്യുന്ന അധിനിവേശ സസ്യമാണ് മഞ്ഞക്കൊന്ന. ഇതിനകം വന്യജീവി സങ്കേതത്തില്‍ 2,000 ഹെക്ടറില്‍ മഞ്ഞക്കൊന്ന നിര്‍മാജനം നടത്തിയിട്ടുണ്ട്. വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിലാണ് മഞ്ഞക്കൊന്ന കൂടുതല്‍. തോല്‍പ്പെട്ടി റേഞ്ചിലും മഞ്ഞക്കൊന്ന നിര്‍മാര്‍ജനം നടക്കുന്നുണ്ട്. വനത്തില്‍ വേനലിലും ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മൂന്ന് വനം ഡിവിഷനുകളിലും നടത്തും. ജലസ്രോതസുകളില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്യും.വന്യജീവി പ്രതിരോധത്തിന് വനാതിര്‍ത്തികളിലെ സോളാര്‍ വേലികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. 50 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വേലികളുടെ അറ്റകുറ്റപ്പണി രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കും. ഇതിന് സിഎസ്ആര്‍ ഫണ്ട് പ്രയോജനപ്പെടുത്തും. 63.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സോളാര്‍ വേലി അറ്റകുറ്റപ്പണി ഇതിനകം നടത്തിയിട്ടുണ്ട്. വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ ലാന്‍ഡ്‌സ്‌കേപ്പ് ലെവല്‍ പ്ലാന്‍ തയാറാക്കിവരികയാണ്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കും.വന്യമൃഗ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളില്‍(ഹോട് സ്‌പോട്ടുകള്‍)ഹ്രസ്വകാല നടപടികളുടെ ഭാഗമായി ഇന്ന് അവസാനിക്കുന്ന വിധത്തില്‍ മൂന്നു ദിവസത്തെ തെരച്ചില്‍ നടന്നുവരികയാണ്. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചില്‍പ്പെട്ട പെരുന്തട്ട, ചുഴലി, അറമല, പടവെട്ടിക്കുന്ന്, കല്‍പ്പറ്റ റേഞ്ചിലെ കറുകന്‍തോട്, മേല്‍മുറി, സേട്ടുകുന്ന്, ചെതലത്ത് റേഞ്ചിലെ കേളക്കവല, ചേകാടി, വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചില്‍പ്പെട്ട താത്തൂര്‍, 50 ഏക്കര്‍, കല്ലൂര്‍ക്കുന്ന്, ബത്തേരി റേഞ്ചിലെ മാറോട്, ഓടപ്പള്ളം, പിലാക്കാവ്, മുത്തങ്ങ റേഞ്ചിലെ കള്ളാടിക്കൊല്ലി, ചീരല്‍, തോല്‍പ്പെട്ടി റേഞ്ചിലെ കോട്ടൂര്‍കരമാട്, നെടുന്തറ കക്കേരിനോര്‍ത്ത് വയനാട് വനം ഡിവിഷനിലെ പേരിയ റേഞ്ചില്‍പ്പെട്ട മാറാടി, 41-ാം മൈല്‍, പേരിയ, കാപ്പാട്ടുമല, ബേഗൂര്‍ റേഞ്ചിലെ പഞ്ചാരക്കൊല്ലി, ചിറക്കര, മക്കി, പാല്‍വെളിച്ചം, മുത്തുമാരി, വെള്ളഞ്ചേരി, ബാവലി, ചേകാടി, സര്‍വാണി, ആക്കൊല്ലി, പനവല്ലി, മാനന്തവാടി റേഞ്ചിലെ തവളപ്പാറ, മംഗലശേരി, വാളാരംകുന്ന്, പേരിഞ്ചേരിമല, പനമരം എന്നിവ തെരച്ചില്‍ നടക്കുന്ന ഹോട്‌സ്‌പോട്ടുകളാണ്. ഇവിടങ്ങളില്‍ ജനവാസകേന്ദ്രങ്ങളിലോ അടുത്തോ കാണുന്ന വന്യമൃഗങ്ങളെ ഉള്‍വനത്തിലേക്ക് തുരത്തും. ഹോട്‌സ്‌പോട്ടുകളില്‍ തെര്‍മല്‍ ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി നിരീക്ഷണം നടത്തും. ജനവാസകേന്ദ്രങ്ങളോടു ചേര്‍ന്നുള്ള വനാതിര്‍ത്തികളിലെ അടിക്കാട് ഒരു മാസത്തിനകം വെട്ടിനീക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *